ബെംഗളൂരു: മലയാളി ദമ്പതികൾ പ്രതികളായ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം ബെംഗളൂരു പോലീസിന്റെ സിഐഡി വിഭാഗം ഏറ്റെടുത്തു. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിയ ആലപ്പുഴ രാമങ്കരി സ്വദേശി എവി ടോമി, ഭാര്യ ഷൈനി ടോമി എന്നിവർക്കായാണ് അന്വേഷണം.
പണം നഷ്‌ടപ്പെട്ട 410 പേർ നൽകിയ പരാതിയിൽ രാമമൂർത്തിനഗർ പോലീസ് അന്വേഷണം നടത്തിവരികയാണ്. അന്വേഷണ ഫയലുകൾ സിഐഡിക്ക് കൈമാറി. അന്വേഷണ സംഘം രാമമൂർത്തിനഗറിലെത്തി തെളിവെടുപ്പ് നടത്തി. കഴിഞ്ഞമാസം കെനിയയിലേക്ക് കടന്ന ദമ്പതികൾ ബെംഗളൂരുവിൽ തിരിച്ചെത്തിയതായി സൂചനയുണ്ടെങ്കിലും പോലീസിന് കണ്ടെത്താനായിട്ടില്ല.
ഇതിനിടെ, കേസ് റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിൽ ഒന്നരക്കോടി വരെ സ്‌ഥിര നിക്ഷേപമുള്ളവരും ഉണ്ട്. ബന്ധുവിന് സുഖമില്ലാത്ത കാരണത്താൽ ആലപ്പുഴയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ടോമി മുങ്ങിയത്. പിന്നീട് ഫോണിൽ കിട്ടാതായതോടെ നിക്ഷേപകർ പോലീസിനെ സമീപിക്കുകയായിരുന്നു.
പണം നഷ്‌ടമായവരിൽ കൂടുതൽപ്പേർ മലയാളികളാണ്. മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്തതിനാലാണ് ചിട്ടിയിലും നിക്ഷേപ പദ്ധതികളിലും ഇത്രയധികം നിക്ഷേപമുണ്ടായത്. 25 വർഷമായി ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ചിട്ടിക്കമ്പനിയാണിത്.
Most Read| സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്, കാറ്റിനും സാധ്യത