പത്തനംതിട്ട: സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്നുപേർ കസ്‌റ്റഡിയിൽ. ഞായറാഴ്‌ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് പെരുനാട് മാമ്പാറ സ്വദേശി ജിതിന് (36) കുത്തേറ്റത്. പ്രദേശത്ത് നേരത്തേയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
ജിതിന്റെ കൊലപാതകത്തിൽ എട്ടുപേരെയാണ് എഫ്‌ഐആറിൽ പ്രതിചേർത്തിട്ടുള്ളത്. പെരുനാട് സ്വദേശികളായ നിഖിലേഷ്, വിഷ്‌ണു, ശരൺ, സുമിത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പ്രതികൾ. പ്രതി വിഷ്‌ണു കാറിൽ നിന്ന് കത്തിയെടുത്ത ശേഷം ജിതിനെ കുത്തിയതായാണ് എഫ്‌ഐആറിൽ പറയുന്നത്. വ്യക്‌തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം, ജിതിനെ കൊലപ്പെടുത്തിയത് ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആരോപിച്ചു. എന്നാൽ, ജിതിന്റെ കൊലപാതകം ബിജെപിയുടെ മുകളിൽ കെട്ടിവെക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാണ് ബിജെപി ജില്ലാ പ്രസിഡണ്ട് വിഎ സൂരജ് പ്രതികരിച്ചത്. ബിജെപിയുടെ ഒരു പ്രവർത്തകനും ഈ കൊലപാതകത്തിൽ പങ്കില്ലെന്നും സൂരജ് വ്യക്‌തമാക്കി.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ