ആരിക്കാടി ടോൾ പ്ളാസ പ്രതിഷേധം; 500 പേർക്കെതിരെ കേസ്, ക്യാമറകൾ നശിപ്പിച്ചു

ടോൾ പ്ളാസയ്‌ക്കെതിരെ നടന്ന യുവജന സംഘടനകളുടെ സമരം ഇന്നലെ രാത്രി സംഘർഷത്തിൽ കലാശിച്ചിരുന്നു.

By Senior Reporter, Malabar News
Arikady Toll Plaza
Ajwa Travels

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ ആക്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ കേസെടുത്ത് പോലീസ്.

ടോൾ പ്ളാസയ്‌ക്കെതിരെ നടന്ന യുവജന സംഘടനകളുടെ സമരം ഇന്നലെ രാത്രി സംഘർഷത്തിൽ കലാശിച്ചിരുന്നു. ബുധനാഴ്‌ച രാത്രിയോടെയാണ് ഡിവൈഎഫ്ഐ, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് ഉൾപ്പടെയുള്ള യുവജന സംഘടനകൾ പ്രതിഷേധിച്ചത്. പ്രകടവുമായി എത്തിയവർ ടോൾ ബൂത്തിൽ ചുങ്കം പിരിക്കാൻ ഇരിക്കുകയായിരുന്ന ജീവനക്കാരെ ഇറക്കിവിട്ടു.

പ്രതിഷേധക്കാരെ പോലീസ് തടയാൻ ശ്രമിച്ചതിനെ തുടർന്ന് സ്‌ഥലത്ത്‌ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ടോൾ പ്ളാസയുടെ ക്യാമറകൾ പ്രതിഷേധക്കാർ നശിപ്പിച്ചതായും പരാതിയുണ്ട്. ക്യാമറകൾ സമരക്കാർ കൊണ്ടുവന്ന കറുത്ത തുണികൊണ്ട് മൂടിയ നിലയിലായിരുന്നു. പ്രതിഷേധത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്‌തംഭിച്ചിരുന്നു.

ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത രണ്ട് ടോളുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം എന്ന നിർദ്ദേശം ലംഘിക്കുന്ന നിലയിലാണ് ഈ ടോൾ പ്ളാസ പ്രവർത്തനം ആരംഭിക്കുന്നതെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ആരിക്കാടി ടോൾ പ്ളാസയും നിലവിലുള്ള തലപ്പാടി ടോൾ പ്ളാസയും തമ്മിൽ അകലം 22 കിലോമീറ്റർ മാത്രമാണുള്ളത്.

ആരിക്കാടിയിൽ ടോൾ പ്ളാസ നിർമിക്കുന്നതിനെതിരെ സമരസമിതി നൽകിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ധൃതിപിടിച്ചു ടോൾ പിരിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ നയത്തിനെതിരെയാണ് സമരം. നിയമവിരുദ്ധമായ ഒത്തുചേരൽ, കലാപം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കണ്ടാലറിയാവുന്ന 500 പേർക്കെതിരെ പോലീസ് കേസെടുത്തത്.

അതേസമയം. ടോൾ പിരിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടെന്നും നിയമതടസം ഇല്ലെന്നുമാണ് ദേശീയപാത അതോറിറ്റിയുടെ വാദം. 60 കിലോമീറ്റർ ദൂരപരിധിയിലാണ് ടോൾ പ്ളാസകൾ വേണ്ടതെന്ന നിബന്ധനയിൽ പ്രത്യേക സാഹചര്യങ്ങളിൽ മാറ്റം വരുത്തുന്നതിന് തടസമില്ലെന്നും അധികൃതർ നിലപാടെടുക്കുന്നു.

Most Read| കടുത്ത നിയന്ത്രണം; 75 രാജ്യങ്ങൾക്കുള്ള കുടിയേറ്റ വിസ നിർത്തിവെച്ച് യുഎസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE