കണ്ണൂർ: സമയത്തെ ചൊല്ലി കണ്ണൂരിൽ വീണ്ടും സ്വകാര്യ ബസുകളുടെ മൽസരയോട്ടവും ജീവനക്കാരുടെ വാക്കേറ്റവും. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ സമയക്രമത്തെ ചൊല്ലി രണ്ട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. വാക്കേറ്റത്തിനും കയ്യാങ്കളിക്കുമൊടുവിൽ ഒരു ബസ് പിന്നോട്ടടുത്തപ്പോൾ പുറകിലുണ്ടായിരുന്ന ബസിലിടിച്ച് മുൻഭാഗം തകർന്നു. പയ്യന്നൂർ പഴയ സ്‌റ്റാൻഡിൽ ഇന്നലെ രാവിലെയാണ് സംഭവം.
മാനന്തവാടി റൂട്ടിലോടുന്ന ജീവനക്കാരും കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. സമയക്രമത്തെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ ഒരു ബസിലെ ജീവനക്കാരൻ മറ്റൊരു ബസിലെ ജീവനക്കാരനെ അടിച്ചു. ഇതോടെ ഇരു ബസുകളിലെയും ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. അതേസമയം, കോഴിക്കോട് ബസിലെ കണ്ടക്‌ടർ ബസ് പിന്നോട്ടെടുത്ത് മാനന്തവാടി റൂട്ടിലോടുന്ന ബസിന്റെ മുൻഭാഗത്തെ ഗ്ളാസ് ഇടിച്ചു തകർത്തു.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അപകടം വരുത്തിയ കണ്ടക്‌ടറെ സ്‌റ്റാൻഡിൽ ഉണ്ടായിരുന്ന യാത്രക്കാരും മറ്റും ചേർന്ന് കയ്യേറ്റം ചെയ്‌തു. അപകടത്തിൽ പരിക്കേറ്റ രണ്ട് ബസ് ജീവനക്കാരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവിഭാഗത്തിന്റെയും പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് ബസുകളും പോലീസ് കസ്‌റ്റഡിയിലാണ്.
Most Read: സംസ്‌ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത







































