ന്യൂഡെൽഹി: ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട് തള്ളി സെബി (സെക്യൂരിറ്റിസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ). കേസിൽ അദാനിക്ക് ക്ളീൻ ചിറ്റ് നൽകി. അദാനി ഓഹരി വിപണിയിൽ കൃത്രിമം കാണിച്ചെന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സെബിയുടെ കണ്ടെത്തൽ.
ഇതിന്റെ അടിസ്‌ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരായ നടപടികൾ അവസാനിപ്പിക്കും. അദാനി പോർട്ട്‌സും അദാനി പവറും ഓഹരികളിൽ കൃത്രിമം കാണിച്ചതായി യുഎസ് സ്‌ഥാപനമായ ഹിൻഡൻബർഗിന്റെ ആരോപണം. 2021 ജനുവരിയിലാണ് രാജ്യത്തെയാകെ ഞെട്ടിച്ച് ഇന്ത്യയിലെ വൻനിര ബിസിനസ് ടൈക്കൂണുകളായ അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തിയ നിർണായക വിവരങ്ങൾ പുറത്തുവന്നത്.
അദാനി ഗ്രൂപ്പ് കമ്പനികൾക്കിടയിൽ പണം കൈമാറാൻ അഡികോർപ്പ് എന്റർപ്രൈസസ്, മൈൽസ്‌റ്റോൺ ട്രെഡലിങ്ക്‌സ്, റെഹ്‌വർ ഇൻഫ്രാസ്‌ട്രെക്‌ച്ചർ എന്നീ മൂന്ന് കമ്പനികളെ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. അഡികോർപ്പ് എന്റർപ്രൈസസ് അദാനി പവറിലേക്ക് ഫണ്ട് കൈമാറിയതായി ഹിൻഡൻബർഗ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇൻസൈഡ് ട്രേഡിങ് മാർക്കറ്റ് കൃത്രിമത്വം അടക്കമുള്ള ആരോപണങ്ങൾ സെബി തള്ളി.
ഓഹരി ഉടമകളുടെ മാനദണ്ഡങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയെന്നും സെബി വിശദീകരിക്കുന്നു. എല്ലാ വായ്‌പകളും തിരിച്ചടച്ചതായും, ഫണ്ടുകൾ ഉദ്ദേശിച്ച ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിച്ചതെന്നും, തട്ടിപ്പോ അന്യായമായ വ്യാപാര രീതിയോ ഉണ്ടായിട്ടില്ലെന്നും സെബി ചൂണ്ടിക്കാട്ടി.
ഇതേത്തുടർന്ന്, അദാനി ഗ്രൂപ്പിനെതിരായ എല്ലാ നടപടികളും സെബി അവസാനിപ്പിച്ചു. സുപ്രീം കോടതി നിയമിച്ച വിദഗ്‌ധ സമിതിയും മുൻപ് സമാനമായ കണ്ടെത്തലുകളിലൂടെ ആരോപണം തള്ളിയിരുന്നു. മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് എഎം സപ്രെയുടെ നേതൃത്വത്തിലാണ് ആറംഗ വിദഗ്‌ധ സമിതിയെ കോടതി രൂപീകരിച്ചത്.
Most Read| ‘അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യത; പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും’