തിരുവനന്തപുരം: സസ്‌പെൻഷനിൽ കഴിയുന്ന കൃഷിവകുപ്പ് മുൻ സെക്രട്ടറി എൻ പ്രശാന്തിന്റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതനുസരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നേരിട്ട് ഹിയറിങ് നടത്തും. 16ന് വൈകിട്ട് 4.30ന് ഹാജരാകാനാണ് എൻ പ്രശാന്തിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.
ഹിയറിങ്ങിന്റെ ഓഡിയോ, വിഷ്വൽ റെക്കോർഡിങ്ങും ലൈവ് സ്‌ട്രീമിങ്ങും വേണമെന്ന ആവശ്യം ചീഫ് സെക്രട്ടറി അംഗീകരിച്ചെന്നും രാജ്യത്ത് തന്നെ ആദ്യമായാണ് ഇതെന്നും പ്രശാന്ത് അറിയിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക്, വൈറ്റില മൊബിലിറ്റി ഹബ് എംഡി കെ ഗോപാലകൃഷ്‌ണൻ എന്നിവരെ ലക്ഷ്യമിട്ട് സാമൂഹിക മാദ്ധ്യമത്തിൽ കുറിപ്പിട്ടതാണ് പ്രശാന്തിന്റെ സസ്‌പെൻഷനിൽ കലാശിച്ചത്.
നവംബറിൽ സസ്‌പെൻഷനിലായ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ജനുവരിയിൽ നാലുമാസത്തേക്ക് കൂടി സർക്കാർ നീട്ടിയിരുന്നു. സസ്‌പെൻഡ് ചെയ്യുകയും മെമ്മോ നൽകുകയും ചെയ്‌ത ഘട്ടത്തിൽ ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങളുമായി പ്രശാന്ത് രംഗത്തെത്തിയിരുന്നു. ഇതിനിടെ, പ്രശാന്തിനെതിരെ വകുപ്പുതല നടപടി എടുക്കുന്നതിന് മുന്നോടിയായി അന്വേഷണം നടത്താൻ സർക്കാർ നീക്കം തുടങ്ങിയിരുന്നു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അനുമതി തേടുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ്, പ്രശാന്തിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!