കോഴിക്കോട്: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയുടെ നിർമാണ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വൈകീട്ട് നാലിന് ആനക്കാംപൊയിൽ സെയ്‌ന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ സർക്കാർ നൽകുന്ന വാഗ്‌ദാനം പാലിക്കപ്പെടുമെന്നതിന് ഉദാഹണമാണ് വയനാട് തുരങ്കപാത. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. വാണിജ്യ വ്യവസായ മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രകടന പത്രികയിലെ വാഗ്‌ദാനമാണ് തുരങ്കപാത. പല വാഗ്‌ദാനങ്ങളും ജനങ്ങൾ കണ്ടതാണ്.
2016ന് ശേഷം നൽകിയ വാഗ്‌ദാനങ്ങൾ നടപ്പാക്കപ്പെടുമെന്ന ശുഭപ്രതീക്ഷ ജനങ്ങൾക്കുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരിക്കലും നടക്കില്ലെന്ന് ആക്ഷേപിച്ച പല പദ്ധതികളും യാഥാർഥ്യമാക്കി. ദേശീയപാത വികസനം, ഇടമൺ കൊച്ചി പവർ വെ, ഗെയ്‌ൽ പദ്ധതി എന്നിവ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ് ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമാണത്തോടെ സാഫല്യമാകാൻ പോകുന്നത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2134 കോടി രൂപ ചിലവഴിച്ചാണ് പാത നിർമാണം. മല തുരന്നുള്ള നിർമാണം നാലുവർഷം കൊണ്ട് പൂർത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം. വയനാട്ടിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂർ ആയി കുറയും.
കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി വ്യവസ്‌ഥകൾ പാലിച്ചുകൊണ്ട് നടപ്പിലാക്കാൻ വിദഗ്‌ധ സമിതി ശുപാർശ ചെയ്‌തിരുന്നു. നേരത്തെ, പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട സംസ്‌ഥാന വിദഗ്‌ധ സമിതി മാർച്ചിൽ പദ്ധതിക്ക് അനുമതി നൽകി.
താമരശ്ശേരി ചുരം പാതക്ക് ബദല്‍ മാർഗം എന്ന നിലക്കാണ് തുരങ്കപാത നിർമിക്കുന്നത്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കപാത, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് നിർമാണം.
തുരങ്കപാത വിജയകരമായാൽ കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വയനാട്ടിലെത്താം. 42 കിലോമീറ്റർ എന്നത് 20 കിലോമീറ്ററിന് താഴെയായി ചുരുങ്ങും. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ നിന്ന് മറിപ്പുഴ, സ്വർഗ്ഗംകുന്ന് വഴി വയനാട്ടിലെ കള്ളാടിയിൽ എത്തുന്നതാണ് നിർദ്ദിഷ്‌ട തുരങ്കപാത.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി