മിഥുന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരം, വിശദമായി പരിശോധിക്കും; മുഖ്യമന്ത്രി

കുടുംബത്തിന് ആദ്യഘട്ടത്തിൽ അഞ്ചുലക്ഷം രൂപ ധനസഹായം നൽകുമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു.

By Senior Reporter, Malabar News
Pinarayi Vijayan
Image source: FB/PinarayiVijayan | Cropped by MN

കൊല്ലം: തേവലക്കരയിൽ എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പ്രാഥമിക റിപ്പോർട് ലഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. റിപ്പോർട്ടിൽ ചില അനാസ്‌ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്‌തമാക്കി.

മിഥുന്റെ കുടുംബത്തിന് പൂർണ പിന്തുണ നൽകും. കുടുംബത്തിന് വീട് നിർമിച്ച് നൽകും. സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ച് നൽകുകയെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്‌ടറും ജില്ലാ പോലീസ് മേധാവിയും അടിയന്തിരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി ഗീത ആവശ്യപ്പെട്ടു.

അസ്വാഭാവിക മരണത്തിന് പോലീസും കേസെടുത്തിട്ടുണ്ട്. ശാസ്‌താംകോട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇന്ന് രാവിലെയാണ് തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയായ മിഥുൻ (13) സ്‌കൂൾ കെട്ടിടത്തിന് സമീപത്തെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്.

ഷെഡിന്റെ മുകളിലേക്ക് ചെരിപ്പ് വീണപ്പോൾ എടുക്കാൻ കയറിയതാണ് മിഥുൻ. കാൽ വഴുതിയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്‌പർശിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഥുന്റെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ശാസ്‌താംകോട്ട ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. അമ്മ വിദേശത്ത് നിന്ന് എത്തിയശേഷമാകും സംസ്‌കാരം.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്‌ടർക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. കുടുംബത്തിന് ആദ്യഘട്ടത്തിൽ അഞ്ചുലക്ഷം രൂപ ധനസഹായം നൽകുമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു.

കെഎസ്ഇബിയുടെ ഭാഗത്തും സ്‌കൂൾ മാനേജ്‍മെന്റിന്റെ ഭാഗത്തും വീഴ്‌ചയുണ്ടായി. ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല. കെഎസ്ഇബി ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് വീഴ്‌ചയുണ്ടെങ്കിൽ നടപടിയെടുക്കും. 15 ദിവസത്തിനുള്ളിൽ വിശദറിപ്പോർട് കെഎസ്ഇബിയും ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറും നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. സംഭവം ചീഫ് സേഫ്റ്റി കമ്മീഷണർ അന്വേഷിക്കും. ഒന്നരയാഴ്‌ചയ്‌ക്കകം റിപ്പോർട് സമർപ്പിക്കും.

Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE