ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർണായക കൂടിക്കാഴ്‌ച ഇന്ന്. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ഡെൽഹി സന്ദർശനത്തിന്റെ ലക്ഷ്യം.
ദുരന്തം തകർത്ത വയനാടിന്റെ പുനർനിർമാണത്തിനായി കൂടുതൽ കേന്ദ്ര സഹായവും കേരളത്തിന് എയിംസ് ലഭിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രധാനമന്ത്രിയെ അടക്കം മുഖ്യമന്ത്രി കാണുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, ആരോഗ്യമന്ത്രി ജെപി നദ്ദ, ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച. ഇന്നലത്തെ ഡെൽഹി സന്ദർശനത്തിന്റെ വിവരങ്ങൾ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരുന്നു. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ കേരളത്തിന്റെ ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്‌ത്രീ സുരക്ഷ, അടിയന്തിര സേവനങ്ങളുടെ നവീകരണം എന്നിവ ചർച്ചയായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്‌ചയിൽ ക്ഷേമ പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുന്നതിന് കടമെടുക്കാൻ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ജിഎസ്‌ടിയുമായി ബന്ധപ്പെട്ട വരുമാന നഷ്‌ടം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. എയിംസ് എത്രയുംപെട്ടെന്ന് അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി ജെപി നദ്ദയോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Most Read| ശബരിമല സ്വർണപ്പാളി വിവാദം; അന്വേഷിക്കാൻ പ്രത്യേക സംഘം, സർക്കാർ ഉത്തരവിറക്കി