തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പുറപ്പെട്ടു. ഇന്ന് പുലർച്ചെയുള്ള വിമാനത്തിലാണ് ഭാര്യ കമലയ്‌ക്കും സഹായികൾക്കുമൊപ്പം യുഎസിലേക്ക് പുറപ്പെട്ടത്. വിദഗ്‌ധ ചികിൽസയ്‌ക്കായാണ് യുഎസിലേക്ക് പോയത്. ചീഫ് സെക്രട്ടറി എ ജയതിലകും പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രിയെ യാത്രയാക്കാൻ പുലർച്ചെ വിമാനത്താവളത്തിൽ എത്തിയിരുന്നു.
യുഎസിലേക്ക് പോകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ചുമതല ആർക്കും കൈമാറിയിട്ടില്ല. യുഎസിലിരുന്ന് സ്‌ഥാനഭരണം നിയന്ത്രിക്കും. ആവശ്യമെങ്കിൽ മന്ത്രിസഭാ യോഗങ്ങളിൽ ഓൺലൈനായി പങ്കെടുക്കും. ഫയലുകൾ ഇ-ഓഫിസ് വഴി കൈകാര്യം ചെയ്യും. പത്ത് ദിവസത്തോളം മുഖ്യമന്ത്രി യുഎസിലായിരിക്കുമെന്ന് ഓഫീസ് അറിയിച്ചു.
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ ആരോഗ്യരംഗത്തെ പോരായ്‌മകൾ സംബന്ധിച്ച് വലിയതോതിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തുടർചികിൽസയ്‌ക്കായി യുഎസിലേക്ക് പോയിരിക്കുന്നത്. മുൻപ് മയോ ക്ളിനിക്കിൽ നടത്തിയിരുന്ന ചികിൽസയുടെ ഭാഗമായുള്ള പരിശോധനകൾക്കാണ് മുഖ്യമന്ത്രിയുടെ യാത്ര.
Most Read| ശുഭാംശു കൊണ്ടുപോയ ‘ഉമ’ നെൽവിത്ത്; മലയാളികളുടെ അഭിമാനമായി ദേവിക








































