തിരുവനന്തപുരം: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിൽ വാൻ ഹായ് 503 എന്ന കപ്പലിന് തീപിടിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചി തീരദേശ പോലീസ് കേസെടുത്തു. അപകടകരമായ വിധത്തിൽ കപ്പൽ ഓടിച്ച് അപകടം വരുത്തിയതടക്കം വിവിധ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. വടകര ഒഞ്ചിയം സ്വദേശി പിവി സുനീഷാണ് പരാതിക്കാരൻ.
നേരത്തെ, ആലപ്പുഴ പുറംകടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിലെ സമാനമായ വകുപ്പുകൾ ചേർത്താണ് ഈ സംഭവത്തിലും കേസെടുത്തത്. വാൻ ഹായ് 503 എന്ന ചരക്കുകപ്പലിലുള്ള കണ്ടെയ്‌നറുകളിൽ എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ള സ്‌ഫോടക വസ്‌തുക്കളും രാസവസ്‌തുക്കളും ഉണ്ടെന്ന് അറിയാമെന്നിരിക്കെ, മനുഷ്യജീവന് അപകടം ഉണ്ടാക്കുംവിധം അപകടകരമായും ഉദാസീനമായും കപ്പൽ കൈകാര്യം ചെയ്‌തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ഈ മാസം ഒമ്പതിനാണ് ബേപ്പൂർ പുറംകടലിൽ വെച്ച് കപ്പലിന് തീപിടിക്കുകയും തുടർന്ന് ഇന്ധനവും മറ്റ് എണ്ണകളും കണ്ടെയ്‌നറുകളും കടലിലേക്ക് വീഴുകയും ചെയ്‌തത്. കൂടാതെ, തീപിടിത്തത്തിലൂടെ കണ്ടെയ്‌നറുകളിൽ നിന്ന് ഉപദ്രവകാരികളായ വാതകങ്ങളും മറ്റ് രാസവസ്‌തുക്കളും പുറന്തള്ളപ്പെടുകയും ചെയ്‌തു.
ഇത് മൽസ്യത്തൊഴിലാളികളെയും കൂടാതെ, കടലിലെയും കരയിലെയും ആവാസ വ്യവസ്‌ഥയെയും ജീവജാലങ്ങളെയും പരിസ്‌ഥിതിയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്‌തതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കപ്പൽ ഇപ്പോഴും കത്തിക്കൊണ്ട് ഒഴുകുകയാണ്. കപ്പലിലെ ജീവനക്കാരിൽ അഞ്ചുപേർ ആശുപത്രിയിൽ ചികിൽസയിലാണ്. കാണാതായ നാലുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്ന് അർത്തുങ്കലിന് അടുത്ത് അടിഞ്ഞ മൃതദേഹങ്ങളിൽ ഒന്ന് കപ്പൽ ജീവനക്കാരന്റേത് ആണെന്നാണ് സൂചന.
Most Read| തകരാറുകൾ പരിഹരിച്ചു; ആക്‌സിയോം-4 വിക്ഷേപണം 19ന് നടത്താൻ ശ്രമം








































