തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് കെപിസിസി നേതൃത്വം. പാർട്ടിക്ക് ലഭിച്ച പരാതികളും നേതൃത്വം പരിശോധിക്കും. സമിതി രൂപീകരിച്ച് ആരോപണത്തിൽ അന്വേഷണം നടത്താനാണ് പാർട്ടിയിലെ ധാരണ.
അശ്ളീല സന്ദേശം അയച്ചതും ഗർഭച്ഛിദ്ര പ്രേരണയും എല്ലാം നേതൃത്വം അന്വേഷിക്കും. പാർട്ടിക്ക് ലഭിച്ച മറ്റ് പരാതികളും പരിശോധിക്കും. കോൺഗ്രസ് ഹൈക്കമാൻഡിന് ഉൾപ്പടെ രാഹുലിനെതിരെ നേരത്തെ തന്നെ പരാതികൾ ലഭിച്ചിരുന്നു. പരാതികൾ അവഗണിച്ചതോടെയാണ് നടി റിനി ഉൾപ്പടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനി പുതിയ വിവാദങ്ങൾ സൃഷ്‌ടിക്കാതെ മുന്നോട്ടുപോകാനാണ് യൂത്ത് കോൺഗ്രസിന് കെപിസിസി നൽകുന്ന നിർദ്ദേശം. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ തീർത്ത് പ്രതിസന്ധി മറികടക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
അതേസമയം, യൂത്ത് കോൺഗ്രസിന് പുതിയ സംസ്‌ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമായി തുടരുകയാണ്. ബിനു ചുള്ളിയിൽ, അബിൻ വർക്കി, കെഎം അഭിജിത്ത്, ജെഎസ് അഖിൽ എന്നിവരാണ് പരിഗണനയിലുള്ളത്. ഇതുവഴി സംഘടനയെ സജീവമാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. രാഹുലിന് പകരക്കാരനെ കണ്ടെത്താൻ ഹൈക്കമാൻഡ് പ്രതിനിധി ദീപാദാസ് മുൻഷി മുതിർന്ന നേതാക്കളുമായി ആശയവിനിമയം തുടരുകയാണ്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ