ചെന്നൈ: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ. സ്വകാര്യ കമ്പനിയെ കബളിപ്പിച്ചു 16 കോടി രൂപ തട്ടിയെന്നാണ് പരാതി. ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസാണ് രവീന്ദറിനെ അറസ്റ്റ് ചെയ്തത്.
200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്നും ഇതിനായി കൃത്രിമ രേഖകൾ കാണിച്ചു വിശ്വാസത്തിൽ എടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. 2020ലായിരുന്നു സംഭവം. മുനിസിപ്പൽ സ്ഥാപനങ്ങളിലെ ഖരമാലിന്യം ഊർജമാക്കി മാറ്റുന്ന ബിസിനസ് തുടങ്ങാൻ നിർമാതാവ് സമീപിച്ചെന്നും നല്ല ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചു സാമ്പത്തിക സഹായം തേടിയെന്നും പരാതിക്കാരൻ പറയുന്നു.
2020 സെപ്റ്റംബർ 17ന് ഇരുകക്ഷികളും നിക്ഷേപ കരാറിൽ ഏർപ്പെടുകയും 15.83 കോടി രൂപ കൈമാറുകയും ചെയ്തു. എന്നാൽ, തുക കൈപ്പറ്റിയ ശേഷം രവീന്ദർ ഊർജ ബിസിനസ് ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ല.
Most Read| പുതുപ്പള്ളിയുടെ അമരക്കാരനായി ചാണ്ടി ഉമ്മൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ച






































