ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ ആത്മഹത്യയിൽ വിശദാംശങ്ങൾ തേടി പ്രത്യേക സംഘം. ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്. ഡിസംബർ 16ന് നൽകിയ കേസ് 18ന് റോയ് പിൻവലിച്ചിരുന്നു. റോയിക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കും.
ആദായനികുതി വകുപ്പിൽ നിന്ന് കൂടുതൽ വിശദീകരണം തേടും. കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിയമോപദേശകരെയും എസ്ഐടി കാണും. റോയിയുടെ മരണത്തിൽ കടുത്ത വിമർശനം ഉയർത്തുകയാണ് വ്യവസായ ലോകം. ആദായനികുതി വകുപ്പ് നടപടികൾക്കെതിരെ ബെംഗളൂരുവിലെ വ്യവസായികളും രംഗത്തെത്തി.
അതേസമയം, റോയ് മരിച്ച സമയത്ത് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ ഉണ്ടായിരുന്ന ആദായനികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. റോയിയുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. റോയിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട റോയിയുടെ പ്രവർത്തനങ്ങളും പരിശോധിക്കുന്നുണ്ട്. സിജെ. റോയിയുടെ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട് ഇന്ന് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, സിജെ. റോയിയുടെ ഡയറിയിൽ ആത്മഹത്യാ കുറിപ്പിന് സമാനമായ വിവരങ്ങൾ അടങ്ങിയിരിക്കുന്നതായാണ് വിവരം. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നാണ് ഡയറിയിൽ റോയ് എഴുതിയിരിക്കുന്നത്.
കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ഡയറിയിലുണ്ട്. പണം നൽകാനുള്ളവരുടെ വിവരങ്ങളും എഴുതിയ റോയ്, കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയിൽ നിർദ്ദേശിച്ചിട്ടുണ്ട്. കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം. അവരെ വഞ്ചിക്കരുതെന്നും ഡയറിക്കുറിപ്പിലുണ്ട്. ഒമ്പത് പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പ് കുടുംബത്തിന് ലഭിച്ചുവെന്നാണ് വിവരം.
ഇതോടെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നതായാണ് സംശയം. ജനുവരി 31ന് സഹോദരനെ വിളിച്ചു റോയ് സംസാരിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമെന്നാണ് നിഗമനം. ആദായനികുതി വകുപ്പിന്റെ നിരന്തരമായ ഇടപെടൽ റോയിയെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് റോയിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ



































