ചെന്നൈ: തമിഴ്നാട് കള്ളാക്കുറിച്ചിയിൽ പള്സ് ടു വിദ്യാർഥിനിയുടെ ആത്‍മഹത്യയെ തുടർന്നുണ്ടായ സംഘർഷത്തിൽ 250 പേർ അറസ്‌റ്റിൽ. അണ്ണാ ഡിഎംകെ ഐടി വിങ്ങിലെ ദീപക്, സൂര്യ എന്നിവരും അറസ്‌റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിൽ കലാപാഹ്വാനം നടത്തിയതിനാണ് അറസ്‌റ്റ്. അതിനിടെ, സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്‌ഞ തുടരുകയാണ്.
ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും സ്‌ഥലത്ത് ക്യാംപ് ചെയ്യുകയാണ്. തമിഴ്നാടിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ കള്ളാക്കുറിച്ചിയിൽ നടന്നത്. ചിന്നസേലത്തുള്ള ശക്‌തി മെട്രിക്കുലേഷൻ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥി കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഹോസ്‌റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
കുട്ടിയുടെ ആത്‍മഹത്യാ കുറിപ്പ് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. സ്‌കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് വിദ്യാർഥിനി കുറിപ്പിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഈ അധ്യാപകരെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെയും ബന്ധുക്കളുടെയും സമരമാണ് കഴിഞ്ഞ ദിവസം അക്രമാസക്‌തമായത്.
പോലീസ് ബസുകളടക്കം 15 ബസുകൾ അക്രമികൾ കത്തിച്ചു. നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും അഗ്‌നിക്കിരയാക്കി. സ്‌കൂൾ കെട്ടിടം തകർത്തു. പാഠപുസ്‌തകങ്ങളും സ്‌കൂൾ രേഖകളും ഉപകരണങ്ങളും കൂട്ടിയിട്ട് തീയിട്ടു. ഇതിനിടെ, ഓഫിസ് ഉപകരണങ്ങൾ ചിലർ കൊള്ളയടിച്ച സംഭവവും ഉണ്ടായി. സംഘർഷത്തിൽ നിരവധി സമരക്കാർക്കും ഡിഐജി എം പാണ്ഡ്യനുമടക്കം ഇരുപതിലേറെ പോലീസുകാർക്കും പരിക്കേറ്റു.
തുടർന്ന്, സമീപ ജില്ലകളിൽ നിന്നടക്കം കൂടുതൽ പോലീസുകാർ എത്തിയതോടെയാണ് അക്രമികൾ പിൻവാങ്ങിയത്. സംഘർഷ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ 500 പോലീസ് കമാൻഡമാർ അടക്കം 1500 പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. കള്ളാക്കുറിച്ചിയിലും പരിസര പ്രദേശങ്ങളിലും ഈ മാസം 31 വരെയാണ് കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനിടെ, പെൺകുട്ടിയുടെ ആത്‍മഹത്യ സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറി. സ്‌കൂൾ പ്രിൻസിപ്പലിനെയും ആത്‍മഹത്യാ കുറിപ്പിൽ പേരുള്ള രണ്ട് അധ്യാപകരെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അതേസമയം, ജീവനൊടുക്കിയ പെൺകുട്ടിയുടെ മൃതശരീരം ഇനിയും കുടുംബം ഏറ്റുവാങ്ങിയിട്ടില്ല.
Most Read: പ്ളസ് വൺ പ്രവേശനം; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്