തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് ചികിൽസാ സംവിധാനത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരൻ. കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടതിന് ശേഷം സുധീരന്‍ ഫേസ്ബുക് പോസ്‌റ്റിലൂടെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്കും ചികിൽസിച്ച ഡോക്‌ടർമാര്‍ക്കും നന്ദി പറഞ്ഞു.
താന്‍ കോവിഡ് പോസിറ്റീവായത് അറിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ ഫോണിലൂടെ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ചികിൽസാ സംവിധാനത്തിന്റെ ചാലകശക്‌തിയായ ടീച്ചറെ തന്റെ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നുവെന്നും വിഎം സുധീരന്‍ ഫേസ്ബുക് പോസ്‌റ്റിൽ പറഞ്ഞു.
ഫേസ്ബുക് പോസ്‌റ്റിന്റെ പൂർണരൂപം
കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ വിശ്രമം വേണമെന്ന ഡോക്‌ടർമാരുടെ നിർദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണ്.
ഏറ്റവും നല്ല രീതിയിലുള്ള ചികിൽസയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത്. എല്ലാ ക്രമീകരണങ്ങളും ചെയ്‌ത സൂപ്രണ്ട് ഡോ. ഷർമ്മദ്, ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. അരവിന്ദൻ, കോവിഡ് നോഡൽ ഓഫീസർ ഡോ. സന്തോഷ് എന്നിവരോടും എന്നെ പരിശോധിച്ച ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ എല്ലാ ഡോക്‌ടർമാരോടും പ്രത്യേകം നന്ദി പറയുന്നു. സദാ സേവന സന്നദ്ധരായ സിസ്‌റ്റേഴ്‌സിനോടും ടെക്‌നീഷ്യൻസിനോടും മറ്റ് എല്ലാ വിഭാഗത്തിൽപ്പെട്ട സ്‌റ്റാഫിനോടുമുള്ള കടപ്പാട് അറിയിക്കുന്നു. വിഐപി കൺസൾട്ടന്റ് ഡോ. ഹരികൃഷ്‌ണന്റെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.
എന്റെ ആരോഗ്യ പ്രശ്‌നങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന മെഡിസിൻ വിഭാഗത്തിലെ ഡോ. സുരേഷിന്റെ അതാത് സമയങ്ങളിലുള്ള ഇടപെടലുകൾ എനിക്ക് എന്നും ആത്‌മവിശ്വാസം പകരുന്നതാണ്. ഇതിനെല്ലാം പുറമേ രുചിയും മണവും അനുഭവപ്പെടാത്ത ഈ അവസരത്തിൽ ഇഷ്‌ടപ്പെട്ട വിഭവങ്ങൾ ഒരുക്കി തന്ന കാന്റീനിലെ സജീവനെയും സഹപ്രവർത്തകരെയും സന്തോഷത്തോടെ മനസിൽ കാണുന്നു. ആശുപത്രിവാസക്കാലത്ത് ആവശ്യമുള്ള സാധനസാമഗ്രികൾ എത്തിച്ചു തരുന്നതിൽ നിതാന്തജാഗ്രത പുലർത്തിയ കുമാരപുരം രാജേഷിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
കോവിഡ് പോസിറ്റീവ് ആയി എന്ന് ഞാനറിഞ്ഞ് അരമണിക്കൂറിനകം തന്നെ ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു. മെഡിക്കൽ കോളേജ് ചികിൽസാ സംവിധാനത്തിന്റെ ചാലകശക്‌തിയായ ടീച്ചറെ എന്റെ സ്‌നേഹാദരങ്ങൾ അറിയിക്കുന്നു.
രോഗ വിവരം അറിഞ്ഞു വിവരങ്ങൾ അന്വേഷിക്കുകയും സുഖം പ്രാപിക്കാൻ പ്രാർഥിക്കുകയും ചെയ്‌ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒറിജിനൽ പോസ്‌റ്റ് ഇവിടെ വായിക്കാം.
Also Read: വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

































