ബെംഗളൂരു: വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കോൺഗ്രസ് നിലപാട് തള്ളിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ രാജണ്ണയുടെ രാജി ചോദിച്ചുവാങ്ങി കോൺഗ്രസ് നേതൃത്വം. ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയ്യാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്താണെന്ന രാജണ്ണയുടെ പ്രസ്‌താവനയാണ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്.
കർണാടകയിലെ വോട്ടർ പട്ടിക ഉയർത്തിക്കാട്ടി കോൺഗ്രസ് ദേശീയതലത്തിൽ നിർണായക രാഷ്‌ട്രീയ നീക്കം ഉയർത്തുന്നതിനിടെയാണ് രാജണ്ണയുടെ പ്രസ്‌താവന. സ്വന്തം ഭരണകാലത്ത് പുറത്തിറക്കിയ വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർഥമില്ലെന്നാണ് രാജണ്ണയുടെ ആരോപണം. ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
”എന്നാണ് വോട്ടർ പട്ടിക തയ്യാറാക്കിയത്? നമ്മുടെ സർക്കാർ അധികാരത്തിലുള്ളപ്പോഴാണ്. അന്ന് എല്ലാവരും കണ്ണടച്ച് മിണ്ടാതിരിക്കുകയായിരുന്നോ? പറയാനാണെങ്കിൽ പല കാര്യങ്ങളുമുണ്ട്. ക്രമക്കേട് നടന്നു എന്നത് സത്യമാണ്. അത് നമ്മുടെ കൺമുന്നിലാണ്. നമ്മൾ ലജ്‌ജിക്കണം.
അന്ന് നമ്മളത് ശ്രദ്ധിച്ചില്ല. കൃത്യസമയത്ത് പ്രതികരിക്കേണ്ടത് നേതാക്കളുടെ കടമയാണ്. കരട് വോട്ടർ പട്ടിക തയ്യാറാക്കിയപ്പോൾ തന്നെ നമ്മൾ എതിർപ്പ് അറിയിക്കേണ്ടതായിരുന്നു. അത് നമ്മുടെ കടമയാണ്. അന്ന് നമ്മൾ നിശബ്‌ദരായിരുന്നിട്ട് ഇപ്പോൾ സംസാരിക്കുകയാണ്”- എന്നായിരുന്നു രാജണ്ണയുടെ വാക്കുകൾ.
വിവാദ പരാമർശത്തിന് പിന്നാലെ രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. ഈ വിവരം പുറത്തുവന്നതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് രാജണ്ണ രാജി സമർപ്പിച്ചു. സിദ്ധരാമയ്യയുമായി അടുത്ത ബന്ധമുള്ള നേതാവാണ് രാജണ്ണ. വസ്‌തുത അറിയാതെ രാജണ്ണ പ്രസ്‌താവന നടത്തരുതെന്ന വിമർശനവുമായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രംഗത്തെത്തി.
Most Read| ‘കാക്കിക്കുള്ളിലെ കാരുണ്യ ഹൃദയം’; അന്ന് വളയൂരി നൽകി, ഇന്ന് ആംബുലൻസിന് വഴിയൊരുക്കി







































