ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനായി ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്‌തി. രാഷ്‍ട്രപതി ഭവനിൽ ഇന്നലെ രാത്രി ഒരുക്കിയ ചടങ്ങിലാണ് ശശി തരൂർ പങ്കെടുത്തത്.
വിരുന്നിൽ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഇത് പ്രോട്ടോകോൾ ലംഘനമാണെന്നാണ് കോൺഗ്രസിന്റെ വിമർശനം. പ്രതിപക്ഷ നേതാക്കളെ എന്തുകൊണ്ടാണ് വിളിക്കാതിരുന്നതെന്ന് അറിയില്ലെന്നും പരിപാടിയിൽ പങ്കെടുത്തവർ ഇതിന് മറുപടി പറയണമെന്നും കോൺഗ്രസ് വക്‌താവ് പവൻ ഖേര പറഞ്ഞു. തന്നെ വിളിച്ചിരുന്നേൽ പോകില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”പാർട്ടിയിലെ നമ്മുടെ നേതാക്കൾക്ക് ക്ഷണം ലഭിക്കാതിരിക്കുകയും നമ്മളെ ക്ഷണിക്കുകയുമാണെങ്കിൽ മനഃസാക്ഷിയോട് ചോദിക്കുകയും മനഃസാക്ഷിയനുസരിച്ചു പ്രവർത്തിക്കുകയും വേണം. ക്ഷണിക്കുന്നതിലും ക്ഷണിക്കാതിരിക്കുന്നതിലും രാഷ്‌ട്രീയം കളിച്ചിട്ടുണ്ട്. അത്തരമൊരു ക്ഷണം സ്വീകരിക്കുന്നവരുടെ മേലും സംശയത്തിന്റെ നിഴലുണ്ട്”- പവൻ ഖേര പറഞ്ഞു.
വിദേശകാര്യവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്‌ഥിരം സമിതിയുടെ ചെയർമാനെ ഇത്തരം വിരുന്നുകളിലേക്ക് പതിവായി ക്ഷണിച്ചിരുന്ന കാലമുണ്ടായിരുന്നെന്നും എന്നാൽ കുറേക്കാലമായി ഇതില്ലായിരുന്നെനും ശശി തരൂർ നേരത്തെ പ്രതികരിച്ചിരുന്നു. ‘ഇത് വീണ്ടും പുനരാരംഭിച്ചിരിക്കുന്നു, എനിക്ക് ക്ഷണം ലഭിച്ചു, തീർച്ചയായും ഞാൻ പോകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിക്കാത്തതിനെ കുറിച്ച് അറിയില്ലായിരുന്നെന്നും പറഞ്ഞിരുന്നു.
Most Read| സാമ്പത്തിക സഹകരണം ഉൾപ്പടെ കരാറുകൾ; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലങ്ങളിലേക്ക്





































