പത്തനംതിട്ട: ലൈംഗിക ചൂഷണ പരാതികൾ ഒന്നൊന്നായി പുറത്തേക്ക് വന്നുകൊണ്ടിരിക്കെ, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം ഒഴിയാനായി കോൺഗ്രസിൽ വൻ സമ്മർദ്ദം. രാഹുൽ പദവിയിൽ തുടരുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഒരുവിഭാഗം വിലയിരുത്തുന്നു. രാഹുലിന്റെ രാജി ചോദിച്ച് വാങ്ങണമെന്ന പക്ഷക്കാരാണ് പ്രധാന നേതാക്കളെല്ലാം.
പദവി ഒഴിയാൻ രാഹുൽ വിസമ്മതിച്ചാൽ പുറത്താക്കൽ അടക്കമുള്ള കടുത്ത അച്ചടക്ക നടപടിയും പാർട്ടിയുടെ പരിഗണനയിലുണ്ട്. നിലവിൽ ഷാഫി പറമ്പിൽ എംപി മാത്രമാണ് രാഹുൽ രാജിവെക്കേണ്ടതില്ല എന്ന് നിലപാടെടുത്തിട്ടുള്ളത്. വിഡി സതീശനാണ് രാഹുലിനെതിരെ ഏറ്റവും കടുത്ത നിലപാടെടുത്തത്.
കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോട് ശക്‌തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര, സംസ്‌ഥാന നേതൃത്വങ്ങളെ അറിയിച്ചതായാണ് വിവരം. എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാലും ദീപാദാസ് മുൻഷിയും പ്രധാന നേതാക്കളുമായി ആശയവിനിമയം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
അതേസമയം, രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം. കഴിഞ്ഞദിവസം ജില്ലയിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ