സംഘടനാ വിരുദ്ധ പ്രവർത്തനം; പി സരിനെ പുറത്താക്കി കോൺഗ്രസ്

ഇനി ഇടതുപക്ഷത്തിന് ഒപ്പമാണെന്നും സിപിഎം പറഞ്ഞാൽ മൽസരിക്കുമെന്നും സരിൻ വ്യക്‌തമാക്കി .

By Senior Reporter, Malabar News
p sarin
Ajwa Travels

തിരുവനന്തപുരം: പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് പി സരിനെ പുറത്താക്കി കോൺഗ്രസ്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി പുറത്താക്കിയതായി ജനറൽ സെക്രട്ടറി എം ലിജു വാർത്താക്കുറിപ്പിൽ അറിയിച്ചു.

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തിരമായി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്‌ഥാനാർഥിയാക്കിയതിന് പിന്നാലെ പാർട്ടിയുമായി ഇടഞ്ഞ് വാർത്താസമ്മേളനം വിളിച്ച് അതൃപ്‌തി പരസ്യമാക്കിയതിന് പിന്നാലെയാണ് നടപടി.

അതിനിടെ, കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് പി സരിൻ ഇന്നും വാർത്താ സമ്മേളനം നടത്തിയിരുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അധഃപതനത്തിന് കാരണം വിഡി സതീശനാണെന്ന് സരിൻ വിമർശിച്ചു. പാർട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്‌തുവെന്നും സരിൻ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.

ഇനി ഇടതുപക്ഷത്തിന് ഒപ്പമാണെന്നും സിപിഎം പറഞ്ഞാൽ മൽസരിക്കുമെന്നും സരിൻ വ്യക്‌തമാക്കി. സരിൻ എന്ന വ്യക്‌തിയുടെ സ്‌ഥാനാർഥിത്വത്തിൽ ഈ വിഷയം ഒതുക്കരുതെന്നും പാർട്ടിയിലെ ജീർണത ചർച്ച ചെയ്യപ്പെടണമെന്നും സരിൻ പറഞ്ഞു. ഇതെല്ലാം ഉയർത്താൻ പാർട്ടി ഫോറങ്ങൾ ഇല്ല. തോന്നുന്ന പോലെ കാര്യങ്ങൾ നടക്കുന്ന പാർട്ടിയിൽ പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവർത്തിയെ പോലെയാണ് സതീശൻ. ഞാനാണ് പാർട്ടിയെന്ന രീതിയിലേക്ക് പാർട്ടിയെ മാറ്റിയെടുത്ത് കോൺഗ്രസിലെ ജനാധിപത്യം തകർത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സതീശൻ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകൾ മാദ്ധ്യമങ്ങൾ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണിത്.

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ഐക്യമുണ്ടാക്കി ബിജെപിക്കെതിരെ സമരം ചെയ്‌തു. പിന്നീട്, പ്രതിപക്ഷം ഇത്തരം വിഷയങ്ങളിൽ ഭരണപക്ഷത്തിന് കൂടെ ചേർന്ന് നിന്ന് സമരത്തിന് പോയിട്ടില്ല. ബിജെപിയെ അല്ല സിപിഎമ്മിനെ ആണ് നേരിടേണ്ടതെന്ന് പാർട്ടിയിൽ അടിച്ചേൽപിക്കാൻ ശ്രമം നടന്നു.

സിപിഎം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞു മൃദു ബിജെപി സമീപനത്തിലൂടെ കോൺഗ്രസ് രാഷ്‌ട്രീയത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് സതീശൻ വഴിതിരിച്ചുവിട്ടു. ഇത് ചോദ്യം ചെയ്‌തില്ലെങ്കിൽ കോൺഗ്രസ് തകരും. 2024ലെ വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥിയെ തോൽപ്പിക്കേണ്ടത്, ബിജെപി ഏത് നിമിഷവും പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്‌ഥാനാർഥിയെക്കൊണ്ട് തന്നെയാണെന്ന് കോൺഗ്രസ് തീരുമാനിച്ചത് എന്തിനാണ്?

പാലക്കാട്ടെ കോൺഗ്രസിന്റെ നീക്കത്തിൽ ആത്യന്തിക ഗുണഭോക്‌താവ്‌ ബിജെപിയായിരിക്കും എന്നറിഞ്ഞിട്ടും വടകരയിൽ ഷാഫിയെ ഇറക്കി.പാലക്കാട് ഉപതിരഞ്ഞെടുപ്പ് കൽപ്പാത്തി രഥോൽസവമായ 13ന് മുൻപ് നടത്തണമെന്ന് വിഡി സതീശൻ ബോധപൂർവം കത്തെഴുതിയത് അന്നുതന്നെ തിരഞ്ഞെടുപ്പ് നടക്കണമെന്ന നിർബന്ധബുദ്ധിയോടെയാണ്. അന്നുതന്നെ തിരഞ്ഞെടുപ്പ് നടന്നാൽ ചില വോട്ടുകൾ കൂടുതലായി ചിലർക്ക് കിട്ടും എന്നത് യാഥാർഥ്യമാണ്.

ഒരാഴ്‌ച മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ എന്നെ വിളിച്ചിരുന്നു. ഭീഷണിയുടെയും താക്കീതിന്റെയും സ്വരത്തിലായിരുന്നു സംസാരം. പ്രതിപക്ഷ നേതാവിനെ മാതൃകയാക്കിയാണ് രാഹുലിന്റെ സംസാരം. വളർന്നുവരുന്ന കുട്ടി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇയാൾ, കോൺഗ്രസിലെ, കെഎസ്‌യുവിലെ, യൂത്ത് കോൺഗ്രസിലെ യുവാക്കളെ വഴിതെറ്റിക്കുമെന്നും സരിൻ കുറ്റപ്പെടുത്തി.

Most Read| നിജ്‌ജാർ വധം; ഇന്ത്യക്കെതിരെ ശക്‌തമായ തെളിവുകളില്ല- നിലപാട് മയപ്പെടുത്തി ട്രൂഡോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE