തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വിവിധ രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിച്ച വോട്ട് വിഹിത കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച പാർട്ടിയായി കോൺഗ്രസ് മാറി. 29.17% വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. സിപിഎമ്മിന് 27.16%, ബിജെപിക്ക് 14.76%, ലീഗിന് 9.77%, സിപിഐക്ക് 5.58% എന്നിങ്ങനെയാണ് വോട്ടുവിഹിതം.
കോൺഗ്രസിന് 1,60,24,802 വോട്ടും സിപിഎമ്മിന് 1,49,22,193 വോട്ടും ബിജെപിക്ക് 81,08,137 വോട്ടുമാണ് ലഭിച്ചത്. ലീഗിന് 53,69,745 വോട്ട് ലഭിച്ചു. സിപിഐക്ക് കിട്ടിയത് 30,66,476 വോട്ടാണ്. 23,573 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ളോക്ക്, ജില്ല, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലായി 8889 വാർഡുകളാണ് എൽഡിഎഫിന് ലഭിച്ചത്.
ഇതിൽ സിപിഎമ്മിന് 7455, സിപിഐ- 1018, കേരള കോൺഗ്രസ് എം- 246, രാഷ്‌ട്രീയ ജനതാദൾ-63, ജനതാദൾ (എസ്)-44, എൻസിപി-25, കേരളാ കോൺഗ്രസ് (ബി)-15, ഇന്ത്യൻ നാഷണൽ ലീഗ്- 9, കോൺഗ്രസ് എസ്-8, ജനാധിപത്യ കേരളാ കോൺഗ്രസ്- 6 എന്നിങ്ങനെയാണ് സീറ്റ് നില.
യുഡിഎഫിന് ആകെ 11,103 വാർഡുകളാണ് നേടാൻ കഴിഞ്ഞത്. 2020ൽ ഇത് 7757 ആയിരുന്നു. ഇത്തവണ കോൺഗ്രസിന് 7817 സീറ്റുകൾ ലഭിച്ചു. ലീഗിന് 2844 സീറ്റും കേരളാ കോൺഗ്രസിന് 332 സീറ്റും ലഭിച്ചു. ആർഎസ്‌പി- 57, കേരളാ കോൺഗ്രസ് (ജേക്കബ്)-34, സിഎംപി-10, കേരളാ ഡെമോക്രാറ്റിക് പാർട്ടി- 8, ഫോർവേഡ് ബ്ളോക്ക്-1 എന്നിങ്ങനെയാണ് സീറ്റ് ലഭിച്ചത്.
എൻഡിഎക്ക് 1920 സീറ്റുകളിലാണ് വിജയം. അതിൽ ബിജെപിക്ക് 1914 വാർഡുകളും ബിഡിജെഎസിന് 5, ലോക്‌ജനശക്‌തി പാർട്ടിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസിന് തനിച്ച് ഏറ്റവും കൂടുതൽ വോട്ടുള്ളത് ഇടുക്കിയിലാണ്. 38.60%. രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ എറണാകുളവും പത്തനംതിട്ടയുമാണ്. കോൺഗ്രസിന് ഏറ്റവും കുറവ് വോട്ടുള്ളത് മലപ്പുറം ജില്ലയിലാണ്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































