തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് തൃശൂരിൽ എത്തി സുജിത്തിനെയും ജില്ലാ കോൺഗ്രസ് നേതാക്കളെയും കാണും. ഇതിന് ശേഷമായിരിക്കും തുടർ പ്രതിഷേധ പരിപാടികൾ തീരുമാനിക്കുക.
സുജിത്തിനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ ശക്‌തമായ നിയമനടപടി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എസ്‌ഐ ഉൾപ്പടെ നാല് പോലീസ് ഉദ്യോഗസ്‌ഥരെ സർവീസിൽ നിന്ന് നീക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. സമാനമായി വിവിധ പോലീസ് സ്‌റ്റേഷനുകളിൽ മർദ്ദനമേറ്റവരെ സംഘടിപ്പിക്കാനും കോൺഗ്രസ് ലക്ഷ്യംവെക്കുന്നുണ്ട്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമാക്കി പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. 2023 ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. കുന്നകുളം പോലീസ് സ്‌റ്റേഷനിലാണ് സംഭവം. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡണ്ട് വിഎസ് സുജിത്തിനാണ് മർദ്ദനമേറ്റത്.
മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് മുക്കിയിരുന്നു. പിന്നീട് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ എസ്‌ഐ ഉൾപ്പടെ നാല് പോലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചൊവ്വന്നൂർ വഴിയരികിൽ നിന്നിരുന്ന തന്റെ സുഹൃത്തുക്കളെ കാരണമായി പോലീസുകാർ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂര മർദ്ദനത്തിനിടയാക്കിയത്.
സുജിത്തിന്റെ ഇടപെടൽ ഇഷ്‌ടപ്പെടാതിരുന്ന കുന്നംകുളം എസ്‌ഐ നുഹ്‌മാൻ പോലീസ് ജീപ്പിൽ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും മർദ്ദിക്കുകയുമായിരുന്നു. സ്‌റ്റേഷനിൽ വെച്ച് എസ്‌ഐ നുഹ്‌മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് സുജിത്തിനെ ദേഹോപദ്രവം ഏൽപ്പിച്ചത്. സ്‌റ്റേഷന്റെ മുകളിൽ സിസിടിവി ഇല്ലാത്ത സ്‌ഥലത്ത് കൊണ്ടുപോയും മർദ്ദിച്ചിരുന്നതായി സുജിത്ത് പറയുന്നു.
മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കുകയും പോലീസിനെ ഉപദ്രവിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌തു എന്ന് വ്യാജ എഫ്‌ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിലടക്കാനായിരുന്നു പോലീസ് നീക്കം. എന്നാൽ, വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് വ്യക്‌തമായതോടെ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. മർദ്ദനത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
സംഭവത്തിൽ സുജിത്ത് പോലീസ് ഉദ്യോഗസ്‌ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ, നടപടി ഉണ്ടായില്ല. ഇതോടെ സുജിത്ത് കോടതിയെ സമീപിച്ചു. തുടർന്ന് തെളിവുകൾ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പോലീസുകാർക്കെതിരെ നേരിട്ട് കേസെടുക്കുകയായിരുന്നു.
സംഭവത്തിൽ പ്രതികൾക്ക് കവചമൊരുക്കിയിരിക്കുകയാണ് പോലീസ്. കേസിൽ ദുർബലമായ വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഒരുവർഷം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അതിനിടെ തന്നെ മർദ്ദിച്ച എല്ലാ പോലീസുകാർക്ക് എതിരെയും കേസെടുത്തിട്ടില്ലെന്ന് സുജിത്ത് പറഞ്ഞു.
അഞ്ചുപേർ മർദ്ദിച്ചതിൽ നാലുപേർക്കെതിരെ മാത്രമാണ് കേസെടുത്തത്. പോലീസ് ഡ്രൈവറായിരുന്ന സുഹൈർ കേസിൽ നിന്ന് ഒഴിവായി. ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്നും സുജിത്ത് പറഞ്ഞു. പരാതിയിൽ നിന്ന് പിൻമാറാൻ പോലീസുകാർ പണം ഓഫർ ചെയ്‌തുവെന്നും സുജിത്ത് പറഞ്ഞു. 20 ലക്ഷം രൂപ താരമെന്നായിരുന്നു ഓഫർ. ഇടനിലക്കാർ മുഖാന്തരവും അല്ലാതെയുമാണ് പണം ഓഫർ ചെയ്‌തതെന്നും സുജിത്ത് പറഞ്ഞു.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി








































