കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ അവർക്ക് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. ഫോണ്‍ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ആരാഞ്ഞു. ഫോണ്‍ കൈമാറാത്തത് ശരിയായ നടപടി അല്ലെന്നും ജസ്‌റ്റിസ് പി ഗോപിനാഥ് ചൂണ്ടിക്കാട്ടി.
ദിലീപ് ഫോണ്‍ കൈമാറാത്തതില്‍ കടുത്ത അതൃപ്‌തിയാണ് കോടതി രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന മുന്നറിയിപ്പ് കൂടി ഹൈക്കോടതി നല്‍കി. ഫോണുകള്‍ ഹൈക്കാടതി രജിസ്ട്രാർ ജനറലിന് നല്‍കിക്കൂടേയെന്നും കോടതി ചോദിച്ചു. ഇന്നുതന്നെ ഫോണ്‍ കൈമാറണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
എന്നാൽ പോലീസ് ചോദിച്ച ഫോണുകൾ വധഭീഷണി കേസുമായി ബന്ധമില്ലാത്തതാണെന്ന് ദിലീപ് മറുപടി നൽകി. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകള്‍ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നത് എന്നാണ് ദിലീപിന്റെ പ്രധാന വാദം. താന്‍ മാദ്ധ്യമ വിചാരണ നേരിടുകയാണെന്നും തന്റെ ഭാര്യയുമായുള്ള സംഭാഷണം ഫോണിലുണ്ടെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. അന്വേഷണ സംഘം സ്വകാര്യതയിലേക്ക് കടക്കുന്നുവെന്നും ദിലീപ് ആരോപിച്ചു. കേസ് തിങ്കളാഴ്‌ചത്തേക്ക് മാറ്റണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
ഫോൺ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറിക്കൂടേയെന്ന് ഹൈക്കോടതി ചോദിച്ചപ്പോൾ ദിലീപ് അതും വിസമ്മതിച്ചു. ഫോൺ ഹൈക്കോടതിക്കും അന്വേഷണ സംഘത്തിനും കൈമാറില്ലെന്ന് ദിലീപ് പറഞ്ഞു. ഫോണിലെ ഡേറ്റ ശേഖരിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ദിലീപ് പറഞ്ഞു.
ഗൂഢാലോചന കേസിൽ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജിയെ എതിര്‍ത്ത് ഉപഹരജിയുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല, ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാത്തത് ദുരുദ്ദേശത്തോടെയാണ് എന്നീ കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫോണ്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നും ഉപഹരജിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: മാസ്‌കിടാതെ അമിത്ഷാ; കേസ് എടുക്കാത്തതിൽ വ്യാപക വിമർശനം







































