കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ അപകടത്തിൽപ്പെട്ടത് എംഎസ്സി എൽസ 3 ലൈബീരിയൻ പതാക വഹിക്കുന്ന കപ്പലെന്ന് റിപ്പോർട്. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായാണ് കപ്പൽ ഇന്ന് ഉച്ചയോടെ ചരിഞ്ഞത്. ഇതോടെയാണ് കണ്ടെയ്നറുകൾ അറബിക്കടലിലേക്ക് പതിച്ചത്. എംഎസ്സി എൽസ 3 ഫീഡർ കപ്പലാണെന്നാണ് വിവരം.
കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നീ അപകടകരമായ വസ്തുക്കൾ ചോർന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംശയാസ്പദമായ നിലയിലുള്ള കണ്ടെയ്നറുകൾ തീരത്ത് കണ്ടാൽ അടുത്തേക്ക് പോവുകയോ ഇതിൽ സ്പർശിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന് കോസ്റ്റ് ഗാർഡും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 184 മീറ്റർ നീളവും 26 മീറ്റർ വീതിയുമാണ് കപ്പലിനുള്ളത്. തൂത്തുക്കുടിയിൽ നിന്ന് മേയ് 18ന് വൈകീട്ട് പുറപ്പെട്ട കപ്പൽ പിന്നീട് വിഴിഞ്ഞത്തെത്തിയിരുന്നു. തുടർന്ന് ഇന്നലെ വൈകീട്ടോടെ കപ്പൽ വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. കപ്പൽ ഇന്ന് രാവിലെ അഞ്ചുമണിയോടെ കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു.
ഫീഡർ കപ്പൽ ആയതിനാൽ തന്നെ തൂത്തുക്കുടി, കൊളംബോ, വിഴിഞ്ഞം, കൊച്ചി, മംഗളൂരു, പനമ്പൂർ തുറമുഖങ്ങളായിരുന്നു എംഎസ്സി എൽസ 3 കപ്പലിന്റെ ലക്ഷ്യ സ്ഥാനങ്ങൾ. 6-8 കണ്ടെയ്നറുകളാണ് കടലിലേക്ക് വീണതെന്നാണ് വിവരം. കണ്ടെയ്നറുകൾ വടക്കൻ കേരള തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കപ്പലിൽ 24 ജീവനക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിൽ 21 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ബാക്കിയുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. നാവികസേനയുടെ ഡ്രോണിയർ ഹെലികോപ്ടറും കോസ്റ്റ് ഗാർഡിന്റെ രണ്ടു കപ്പലുകളും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. അതേസമയം, അപകടം ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും കടൽത്തീരത്ത് എണ്ണപ്പാട കണ്ടാൽ സ്പർശിക്കരുതെന്നും അധികൃതർ അറിയിച്ചു.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ







































