കൊച്ചി: വിവാദങ്ങൾ സൃഷ്‌ടിച്ച സംസ്‌ഥാന സർക്കാരിന്റെ പോലീസ് ആക്‌ട് ഭേദഗതിയിൽ നിയമ നടപടി എടുക്കരുതെന്ന് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. നിയമഭേദഗതി നടപ്പിലാക്കുന്നതിന് മുമ്പ് പോലീസ് ആസ്‌ഥാനത്ത് നിന്ന് നിയമോപദേശം തേടണമെന്നും ഡിജിപിയുടെ പുതിയ സർക്കുലറിൽ പറയുന്നു.
പോലീസ് ആക്‌ട് ഭേദഗതി നടപ്പിലാക്കില്ലെന്ന് സർക്കാർ വ്യക്‌തമാക്കിയെങ്കിലും പിൻവലിച്ചിട്ടില്ല. അതിനാൽ, മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായി പരാതി ലഭിക്കുകയാണെങ്കിൽ പോലീസ് ആസ്‌ഥാനത്തെ നിയമസെല്ലുമായി ബന്ധപ്പെടണമെന്നും നിയമോപദേശം കിട്ടിയതിന് ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്നും ഡിജിപി സർക്കുലറിലൂടെ നിർദ്ദേശിച്ചു. സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർ അടക്കമുള്ളവർക്കാണ് ഡിജിപി നിർദ്ദേശം നൽകിയത്.
അതേസമയം, പോലീസ് ആക്‌ട് ഭേദഗതി പരിഷ്‌കരിക്കാൻ തീരുമാനിച്ചെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഭേദഗതി ചോദ്യം ചെയ്‌ത് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ആർഎസ്‌പി നേതാവ് ഷിബു ജോൺ എന്നിവർ സമർപ്പിച്ച ഹരജി കോടതി പരിഗണിച്ചപ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. പരിഷ്‌കരിക്കും വരെ പുതിയ നിയമം നിലനിൽക്കുമെന്നും എന്നാൽ അതിന്റെ പരിധിയിൽ വരുന്ന കേസുകൾ രജിസ്‌റ്റർ ചെയ്യില്ലെന്നും സർക്കാർ അറിയിച്ചു. ഹരജി നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.
സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ പാർട്ടിക്കകത്തും മുന്നണിയിലും സംസ്‌ഥാനത്തൊട്ടാകെയും വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് നിയമം നടപ്പാക്കുന്നത് പുനഃപരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. നിയമസഭയിൽ ചർച്ച ചെയ്‌തതിന് ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.