കൊറോണ വീട്ടുപടിക്കലെത്തി, അതീവ ജാഗ്രത വേണം; മുരളി തുമ്മാരുകുടി

By Desk Reporter, Malabar News
Murali thummarukidi_Malabar news
Murali Thummarukudi
Ajwa Travels

കേരളത്തില്‍ കൊറോണ കേസുകളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ദുരന്ത നിവാരണ വിദഗ്ദ്ധന്‍ മുരളി തുമ്മാരുകുടി. ഈ സ്ഥിതി തുടര്‍ന്നാല്‍ ഐ സി യു ബെഡോ വെന്റിലേറ്ററോ ഉണ്ടായി എന്ന് വരില്ലെന്നും; ഈ സാഹചര്യത്തില്‍ നാം എങ്ങനെ കരുതിയിരിക്കണമെന്നും തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ മുരളി തുമ്മാരുകുടി വ്യക്തമാക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കൊറോണ വീട്ടിലെത്തുമ്പോൾ ..

കേരളത്തില്‍ കൊറോണ കേസുകള്‍ അതിവേഗതയില്‍ കൂടുന്ന കാലത്ത് കേരളത്തിലെ ചാനലില്‍ നടക്കുന്ന ചര്‍ച്ചകളും തെരുവില്‍ നടക്കുന്ന സമരങ്ങളും കാണുന്‌പോള്‍ ഇനി ആരോട് എന്ത് പറയാന്‍ എന്നാണ് തോന്നുന്നത്. പക്ഷെ അമ്മ തുമ്മാരുകുടിയില്‍ ഉള്ളതിനാല്‍ വീട്ടിലുള്ളവരോട് പറയേണ്ട കാര്യങ്ങള്‍ ഉണ്ടല്ലോ. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്, അതിന്റെ കോപ്പി ഇവിടെ വക്കുന്നു. താല്പര്യമുള്ളവര്‍ക്ക് വായിക്കാം, നിങ്ങള്‍ക്കും ബാധകമാണെങ്കില്‍ ഉപയോഗിക്കാം. അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്.

കേരളത്തില്‍ കൊറോണക്കേസുകളുടെ എണ്ണം പ്രതിദിനം നാലായിരം കഴിഞ്ഞു. കൂടിയും കുറഞ്ഞുമാണെങ്കിലും രോഗത്തിന്റെ ട്രെന്‍ഡ് മുകളിലേക്ക് തന്നെയാണ്. രോഗം ഇപ്പോള്‍ ഒരാളില്‍ നിന്നും ശരാശരി ഒന്നില്‍ കൂടുതല്‍ ആളുകളിലേക്ക് പകരുന്നുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേസുകളുടെ എണ്ണം പ്രതിദിനം അയ്യായിരവും പിന്നെ പതിനായിരവുമാകും. കേസുകളുടെ എണ്ണം ലക്ഷം കവിഞ്ഞു, ഇനിയത് പല ലക്ഷമാകും, പത്തുലക്ഷം പോലും ആകാം.

മരണങ്ങളും കൂടുകയാണ്. ഇതുവരെ മൊത്തം കേസുകളുടെ എണ്ണം 125000 ആണ്, സുഖപ്പെട്ടവരുടെ എണ്ണം തൊണ്ണൂറായിരവും. മരിച്ചവര്‍ 501, ഏകദേശം 0.5 ശതമാനം. ഈ നില തുടര്‍ന്നാല്‍ ശരാശരി അയ്യായിരം കേസുകള്‍ ഉണ്ടാകുന്ന സമയത്ത് പ്രതിദിന മരണം 25 ലേക്ക് ഉയരും.

കാര്യങ്ങള്‍ പക്ഷെ ഇതുപോലെ നില്‍ക്കില്ല. കേസുകളുടെ എണ്ണം പതിനായിരം കവിയുന്‌പോള്‍ രോഗം മൂര്‍ച്ഛിക്കുന്ന എല്ലാവര്‍ക്കും നല്‍കാന്‍ ഐ സി യു ബെഡോ വെന്റിലേറ്ററോ ഉണ്ടായി എന്ന് വരില്ല. അപ്പോള്‍ മരണനിരക്ക് കൂടും. ഇത്തരത്തില്‍ ആശുപത്രി സൗകര്യങ്ങളുടെ ക്ഷാമം കേരളത്തില്‍ എല്ലായിടത്തും ഒരേ സമയത്ത് വരണമെന്നില്ല, വരാന്‍ വഴിയുമില്ല. പക്ഷെ തിരുവനന്തപുരത്ത് ആവശ്യത്തിന് വെന്റിലേറ്റര്‍ ഉള്ളത് പാലക്കാടുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ നല്കില്ലല്ലോ, തിരിച്ചും. പ്രാദേശികമായിട്ടാണ് പ്രശ്‌നങ്ങള്‍ വഷളാകാന്‍ സാധ്യത.

ഇത്തരത്തില്‍ കേസുകളുടെ എണ്ണവും മരണവും പ്രതിദിനം പതുക്കെ കൂടി വരുന്നു, ആശുപത്രി സൗകര്യങ്ങള്‍ ആവശ്യത്തിനില്ലാതെ വരുന്നു, മരണ നിരക്ക് പല മടങ്ങാകുന്നു, ആശുപത്രികളില്‍ നിന്നും ശ്മശാനങ്ങളില്‍ നിന്നുമൊക്കെ പേടിപ്പെടുത്തുന്ന ചിത്രങ്ങള്‍ എത്തുന്നു, ആളുകള്‍ ഭയക്കുന്നു, കൊറോണ വീണ്ടും ആളുകളുടെ മുന്‍ഗണന പട്ടികയില്‍ വരുന്നു, സമരങ്ങള്‍ ഒക്കെ കുറയുന്നു, ജീവിത രീതികള്‍ മാറ്റുന്നു, സര്‍ക്കാര്‍ വീണ്ടും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു, രോഗ നിരക്ക് കുറയുന്നു. ഇതാണ് കൊറോണയുടെ ഒന്നാമത്തെ സൈക്കിള്‍.

കോറോണക്ക് വാക്‌സിൻ കണ്ടെത്തുന്നതിന് മുന്‍പ് ഈ സൈക്കിള്‍ പല വട്ടം ആവര്‍ത്തിക്കും.

ഇനി നമ്മുടെ സ്വന്തം കാര്യമെടുക്കാം.
ചൈനയില്‍, ഇറ്റലിയില്‍, അമേരിക്കയില്‍, റാന്നിയില്‍, കോന്നിയില്‍, തിരുവനന്തപുരത്ത്, മലപ്പുറത്ത്, എറണാകുളത്ത്, പെരുന്പാവൂരില്‍, വെങ്ങോലയില്‍ എല്ലാം കൊറോണ എത്തിക്കഴിഞ്ഞു. ഇനി ബാക്കിയുള്ളത് നമ്മുടെ വീടാണ്.

നമ്മുടെ വീട്ടില്‍ കൊറോണ വരുമോ എന്നത് ഇനി പ്രസക്തമായ ചോദ്യമല്ല. എന്നാണ് വീട്ടില്‍ കൊറോണ വരുന്നത്, ആര്‍ക്കാണ് ആദ്യം വരുന്നത്, എത്ര പേര്‍ക്ക് വരും, ഇതൊക്കെയാണ് ചോദിക്കേണ്ട ചോദ്യങ്ങള്‍.

നമ്മുടെ വീട്ടില്‍ കൊറോണ എത്തുമ്പോൾ നേരിടാന്‍ നാം തയ്യാറാണോ?

മിക്കവാറും ആളുകള്‍ക്ക് കൊറോണ രോഗം ഒരു ചെറിയ പനി പോലെ വന്നു പോകും. പക്ഷെ ഒരു ചെറിയ ശതമാനത്തിന് (ഇപ്പോള്‍ നൂറില്‍ ഏകദേശം അഞ്ചു പേര്‍ക്ക്) സ്ഥിതി അല്പം കൂടി വഷളാകും. അതില്‍ തന്നെ നാലുപേരും ആശുപത്രി ചികിത്സയിലൂടെ രക്ഷപെടും, ബാക്കിയുള്ള ഒരു ഒരു ശതമാനത്തിലും താഴെ ആളുകളാണ് കേരളത്തില്‍ തല്‍ക്കാലം കൊറോണക്ക് അടിപ്പെടുന്നത്. പ്രായമായവര്‍ (പ്രത്യേകിച്ചും 65 ന് മുകളില്‍), പ്രമേഹം ഉള്ളവര്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുളളവര്‍, കാന്‍സറിന് ചികിത്സ ചെയ്യുന്നവര്‍, ഇമ്മ്യൂണ്‍ സിസ്റ്റത്തിന് തകരാറുള്ളവര്‍ ഒക്കെയാണ് ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ളവര്‍.

ഈ സാഹചര്യത്തില്‍ കൊറോണയെ നേരിടേണ്ടത് എങ്ങനെയാണ് ?

1. നമ്മുടെ വീട്ടില്‍ കൊറോണ രോഗം കൊണ്ട് സീരിയസ് റിസ്‌ക് ഉള്ളതാര്‍ക്കാണ്, അവരെ എങ്ങനെയാണ് സംരക്ഷിക്കേണ്ടത്, എന്നതെല്ലാം തുറന്നു സംസാരിക്കുക (റിസ്‌ക് ഉള്ളവരെ കൂടി ഉള്‍പ്പെടുത്തി). ആ വിഷയത്തില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കുക.

2. റിസ്‌ക് ഉള്ളവര്‍ റിവേഴ്സ് ക്വാറന്റൈനില്‍ ഇരിക്കുക. അതായത് പുറത്തു പോകാതിരിക്കുക, വീട്ടില്‍ തന്നെ പുറത്തു പോകുന്നവരുമായി സമ്പർക്കം ഇല്ലാതിരിക്കുക, വീട്ടിലുള്ള മറ്റുള്ളവരുമായി പരമാവധി സമ്പർക്കം കുറക്കുക.

3. കേസുകളുടെ എണ്ണം കൂടുന്നതോടെ വീട്ടില്‍ ഒരാള്‍ക്ക് കൊറോണ വന്നാല്‍ ഇനി മിക്കവാറും വീട്ടില്‍ സെല്‍ഫ് ഐസൊലേഷന്‍ ചെയ്യാന്‍ പറയാനാണ് വഴി. അതുകൊണ്ട് തന്നെ വീട്ടിലെ സംവിധാനങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന് ചിന്തിക്കുക. ഏത് മുറിയാണ് രോഗി ഉപയോഗിക്കേണ്ടതെന്നും അവര്‍ക്ക് എന്തൊക്കെ സൗകര്യങ്ങള്‍ വേണ്ടി വരുമെന്നും മുന്‍കൂട്ടി തീരുമാനിച്ച് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തുക. രോഗം വന്നാല്‍ ഉപയോഗിക്കാന്‍ പാകത്തിന് ഒരു പള്‍സ് ഓക്‌സിമീറ്റര്‍ വാങ്ങിവെക്കുകയോ സുഹൃത്തുക്കളുടെ അടുത്തുണ്ടെന്ന് ഉറപ്പു വരുത്തുകയോ ചെയ്യുക.

4. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മറ്റുളളവര്‍ ക്വാറന്റൈനില്‍ ഇരിക്കണം എന്നാണ് ഇപ്പോഴത്തെ നിയമം. അതുകൊണ്ട് തന്നെ വീട്ടിലെ എല്ലാവരും ഉപയോഗിക്കുന്ന മരുന്നുകള്‍ ഒരു മാസത്തേക്കുള്ളത് വാങ്ങിവെക്കുക. ഭക്ഷണ വസ്തുക്കള്‍ രണ്ടാഴ്ചത്തേക്കുള്ളതും.

5. ഹൈ റിസ്‌ക് ഉള്ള ആളുകള്‍ പുറത്ത് ജോലിക്ക് പോകുന്നത് (കടകള്‍ നടത്തുവാന്‍ ഉള്‍പ്പടെ) തീര്‍ച്ചയായും റിസ്‌ക് കൂട്ടുന്നതാണ്, പറ്റുമെങ്കില്‍ ഒഴിവാക്കേണ്ടതുമാണ്. അതെ സമയം ഹൈ റിസ്‌ക് ഗ്രൂപ്പിലുള്ള ആളുകളുള്ള വീട്ടില്‍ നിന്നും തൊഴിലിനായി ആര്‍ക്കെങ്കിലും പുറത്തേക്ക് പോകേണ്ടതുണ്ടെങ്കില്‍ അത് മുടക്കുക പലപ്പോഴും സാധ്യമല്ലല്ലോ. എന്നാല്‍ പുറത്ത് എത്ര കൂടുതല്‍ ആളുകളുമായി ഇടപഴകുന്നുവോ അത്രയും രോഗ സാധ്യത കൂടുന്നുവെന്നും, നമുക്ക് അസുഖം വരുന്നത് നാം അറിഞ്ഞില്ലെങ്കില്‍ പോലും വീട്ടിലുള്ളവര്‍ക്ക് റിസ്‌ക് ഉണ്ടാക്കുമെന്നും എപ്പോഴും മനസ്സില്‍ വെക്കുക.

6. ഹൈ റിസ്‌ക് ഉള്ള ആരെങ്കിലും വീട്ടിലുണ്ടെങ്കില്‍ വീട്ടിലേക്കുള്ള മറ്റുള്ളവരുടെ വരവ് (ബന്ധുക്കള്‍, അഭ്യുദയ കാംഷികള്‍, കച്ചവടക്കാര്‍) പൂര്‍ണ്ണമായും ഒഴിവാക്കുക. മറ്റുള്ളവരുടെ വരവ് (അയല്‍ക്കാര്‍, വീട്ടില്‍ ജോലിക്ക് വരുന്നവര്‍) പരമാവധി കുറക്കുക. പുറത്തു നിന്നും വരുന്നവര്‍ക്ക് ഒരു കാരണവശാലും ഹൈ റിസ്‌ക് ഉള്ളവരുമായി സമ്പർക്കമില്ലാതിരിക്കാൻ ശ്രദ്ധിക്കുക.

7. നല്ല ആരോഗ്യ ശീലങ്ങള്‍ (കൈ കഴുകുന്നത്, സാമൂഹ്യ അകലം പാലിക്കുന്നത്, മാസ്‌ക് ഇടുന്നത്) നിര്‍ബന്ധമായും കൃത്യമായും പാലിക്കുക. മറ്റുളളവര്‍ പാലിക്കുന്നു എന്നത് ഉറപ്പു വരുത്തുക.

8. വീട്ടില്‍ ഹൈ റിസ്‌ക് ഉള്ളവര്‍ക്കോ മറ്റുള്ളവര്‍ക്കോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ ചികിത്സ മാറ്റിവെക്കരുത്. പരമാവധി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്തണം. വേണ്ടി വന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ഒക്കെ അനുസരിച്ചുള്ള ആശുപത്രികളില്‍ പോകണം.

9. വീട്ടില്‍ എല്ലാവരുടേയും മാനസിക ആരോഗ്യം ഉറപ്പു വരുത്തണം. കുട്ടികള്‍ സംസാരിക്കാതിരിക്കുകയോ പ്രായമായവര്‍ കൂടുതല്‍ ദേഷ്യം കാണിക്കുകയോ ചെയ്യുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധിക്കുമ്പോളെല്ലാം സുഹൃത്തുക്കളുമായി സംസാരിക്കുക, ആഴ്‌ചയിൽ ഒരിക്കല്‍ വെറുതെയെങ്കിലും പുറത്തു പോവുക (ഒരിടത്തും പുറത്തിറങ്ങിയില്ലെങ്കിലും ഒരു ഡ്രൈവിന് പോവുക), ഒരുമിച്ചിരുന്ന് സന്തോഷം ഉണ്ടാക്കുന്ന സിനിമകള്‍ കാണുക എന്നിങ്ങനെ നമ്മുടെ മാനസിക നില എങ്ങനെയൊക്കെ നന്നായി നിലനിര്‍ത്താമോ അതെല്ലാം ചെയ്യുക.

10. രോഗത്തിന്റെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലേക്ക് നമ്മള്‍ കടക്കുകയാണ്, ഇനി നമ്മുടെ വീട്ടില്‍ കൊറോണ മരണങ്ങള്‍ ഇല്ലാതെ ഈ ഘട്ടത്തിലൂടെ കടന്നു പോകുന്നതാണ് ഏറ്റവും പ്രധാനം എന്ന് മനസ്സില്‍ കുറിക്കുക. മറ്റുള്ളതൊക്കെ, പഠനം, തൊഴില്‍, കൂട്ടുകൂടല്‍ എല്ലാം പഴയ കാലം പോലെ നടന്നുവെന്ന് വരില്ല. പക്ഷെ ഈ കാലത്തെ അതിജീവിക്കാനുള്ള നഷ്‌ടമായി അതിനെ കരുതുക.

സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

Read also: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE