തിരുവനന്തപുരം: കോടതികൾ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്നും റൂൾ 12 പ്രകാരം എല്ലാ വിവരങ്ങളും നിഷേധിക്കാനാവില്ലെന്നും സംസ്‌ഥാന വിവരാവകാശ കമ്മീഷൻ. ചില കോടതി ജീവനക്കാർ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുണ്ടെന്നും ജുഡീഷ്യൽ പ്രൊസീഡിങ്‌സ് അല്ലാത്ത ഒരു വിവരവും നിഷേധിക്കാൻ പാടില്ലെന്നും സംസ്‌ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ അബ്‌ദുൽ ഹക്കീം ഉത്തരവിൽ വ്യക്‌തമാക്കി.
സുപ്രീം കോടതിയും രാജ്യത്തെ പ്രധാന കോടതികളും നടപടികൾ തൽസമയം സംപ്രേഷണം ചെയ്യുമ്പോൾ കീഴ്‌ക്കോടതികൾ അപേക്ഷിക്കുന്ന വിവരങ്ങൾ പോലും നിഷേധിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ ഓഫീസർമാരുടെ പരിഗണനയിൽ ഇരിക്കുന്നതും ജുഡീഷ്യൽ പ്രൊസീഡിങ്‌സും മാത്രമേ ആർടിഐ പ്രകാരം ലഭിക്കാതുള്ളൂ.
ബാക്കി എല്ലാ വിവരങ്ങളും ലഭിക്കാൻ പൗരന് അവകാശമുണ്ട്. തൃശൂർ ചാലക്കുടി മുൻസിഫ് കോടതിയിലെ വിവരാധികാരിക്കെതിരെ ലഭിച്ച പരാതി ഹരജി തീർപ്പാക്കിയാണ് കമ്മീഷന്റെ ഉത്തരവ്.
മലപ്പുറം ചേലേപ്രം ജോസഫ് ജേക്കബ് 2021 ജൂണിലും ജൂലൈയിലും വടക്കാഞ്ചേരി മുൻസിഫ് കോടതിയിൽ നൽകിയ വിവരാവകാശ അപേക്ഷകൾ റൂൾ 12 പ്രകാരം കോടതി വിവരങ്ങൾ പുറത്ത് നൽകാൻ കഴിയില്ലെന്ന വിശദീകരണത്തോടെ വിവരാധികാരി അജിത് കുമാർ തള്ളിയിരുന്നു. അജിത് കുമാറിനെതിരെ ആർടിഐ നിയമം 20(1) പ്രകാരം ശിക്ഷാനടപടി സ്വീകരിക്കാനും കമ്മീഷൻ തീരുമാനിച്ചു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ