തിരുവനന്തപുരം: മുതിർന്ന നേതാവ് കെഇ ഇസ്‌മായിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് സിപിഐ. ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനാണ് ശുപാർശ. സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്‌ഥാന കൗൺസിലിനെ തീരുമാനം അറിയിക്കും.
സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണം വിവാദമായ സാഹചര്യത്തിലാണ് നടപടി. പി രാജുവിനെ മരണത്തിലേക്ക് നയിച്ചത് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളാണെന്നും വ്യാജ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച് രാജുവിനെ പാർട്ടിയിൽ ഒതുക്കുകയായിരുന്നു എന്നുമാണ് ഇസ്‌മായിൽ പറഞ്ഞത്.
പാർട്ടിയിൽ സജീവമാകാൻ ആഗ്രഹിച്ചിരുന്ന രാജുവിന് അവസരങ്ങൾ നിഷേധിക്കുക ആയിരുന്നുവെന്നും ഇസ്‌മായിൽ പറഞ്ഞിരുന്നു. ഇസ്‌മായിലിന്റെ പ്രതികരണത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടിക്കുള്ള തീരുമാനം. അതേസമയം, പാർട്ടി നടപടിയിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഇസ്‌മായിൽ പറഞ്ഞു.
മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഇസ്‌മായിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്. പി രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെയ്‌ക്കരുതെന്നും പിന്നിൽ നിന്ന് കുത്തിയവർ മൃതദേഹം കാണാൻ പോലും വരരുതെന്നും കുടുംബം പറഞ്ഞിരുന്നു.
സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിട്ടും കുടുംബം നിലപാട് മാറിയിരുന്നില്ല. ഇത് പാർട്ടിക്ക് വലിയ തലവേദനയായിരുന്നു. ഇതിനിടെയാണ്, രാജുവിന്റെ കുടുംബത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് ഇസ്‌മായിൽ പ്രതികരണം നടത്തിയത്. ഇതോടെ പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കാൻ ഇസ്‌മായിൽ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് പരാതി നൽകുകയായിരുന്നു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി