കൊല്ലം: സിപിഎം സംസ്‌ഥാന സമിതിയിൽ പരിഗണിക്കാത്തതിൽ രൂക്ഷ വിമർശനവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ എ പത്‌മകുമാർ. സംസ്‌ഥാന സമിതിയിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. ഉച്ചഭക്ഷണത്തിന് പോലും നിൽക്കാതെയാണ് അദ്ദേഹം കൊല്ലത്ത് നിന്ന് പോയത്.
പിന്നാലെ, പാർട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്‌റ്റിടുകയും ചെയ്‌തു. ”52 വർഷത്തെ പാർട്ടി പ്രവർത്തനത്തിന് ലഭിച്ചത് ചതിവ്, വഞ്ചന, അവഹേളനം” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. പ്രൊഫൈൽ ചിത്രവും മാറ്റി. വിഷമിച്ച് കാറിലിരിക്കുന്നതാണ് പുതിയ ചിത്രം.
52 വർഷമായി പാർട്ടി പ്രവർത്തനത്തിൽ സജീവമായിട്ടും അവഗണിച്ചു എന്ന നിലപാടിലാണ് പത്‌മകുമാർ. പത്തനംതിട്ടയിൽ നിന്ന് സംസ്‌ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവായി വീണാ ജോർജിനെ തിരഞ്ഞെടുത്തിരുന്നു. സംസ്‌ഥാനത്തെ മുതിർന്ന നേതാക്കളെ അവഗണിച്ച് വീണയെ തിരഞ്ഞെടുത്തത്തിലാണ് പത്‌മകുമാറിന് പ്രതിഷേധം എന്നാണ് സൂചന.
”കമ്യൂണിസ്‌റ്റ് പാർട്ടിയുടെ മുൻപോട്ടുള്ള പ്രയാണത്തിന് അത്യാവശ്യമായ വെടിവെയ്‌പ്പിനെ പോലും നേരിടാൻ കഴിയുന്ന ആളുകളെയാണ് എടുത്തിരിക്കുന്നത്” എന്ന് അദ്ദേഹം പരിഹസിച്ചു. പാർട്ടി പ്രവർത്തകർക്ക് പരിഗണന നൽകാതെ പാർലമെന്ററി രംഗത്ത് നിൽക്കുന്നവർക്ക് പരിഗണന നൽകുന്നതിൽ പ്രതിഷേധമുണ്ടെന്നും പത്‌മകുമാർ പരസ്യമായി പറഞ്ഞു.
പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ ജീവൻ പോലും നഷ്‌ടമാകുമായിരുന്ന എന്നെ ഒഴിവാക്കി പാർലമെന്ററി പ്രവർത്തനത്തിന്റെ മാത്രം അടിസ്‌ഥാനത്തിൽ ആളുകളെ തിരഞ്ഞെടുക്കുമ്പോൾ പ്രയാസമുണ്ടാകും. ഡിവൈഎഫ്‌ഐയുടെ ഭാഗമായി കേരളത്തിലെ എല്ലാ മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കാൽനട ജാഥയിൽ പങ്കെടുത്തിട്ടുള്ളത് ഞാനാണ് എന്നും പത്‌മകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്നല്ലെങ്കിൽ നാളെ തിരുത്തി കമ്യൂണിസ്‌റ്റ് പാർട്ടി യഥാർഥ പാർട്ടിയാകും. അതുകൊണ്ടുതന്നെ പാർട്ടി വിട്ട് എങ്ങോട്ടും പോകുന്നില്ല. പാർട്ടിയെ എതിർക്കാനുമില്ല. പാർട്ടി തുടരുന്ന ഏതെങ്കിലും നിലപാട് തെറ്റാണെങ്കിൽ അത് ഇന്നല്ലെങ്കിൽ നാളെ തിരുത്തപ്പെടും എന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| ഭീകരാക്രമണ സാധ്യത; പാകിസ്‌ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി യുഎസ്