തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ നിലപാട് വ്യക്‌തമാക്കി സിപിഎം. സജി ചെറിയാൻ മന്ത്രി സ്‌ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ധാർമികത മുൻനിർത്തി ഒരിക്കൽ രാജിവെച്ചതാണെന്നാണ് പാർട്ടി വിലയിരുത്തൽ.
ഇന്ന് ചേർന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷം സജി ചെറിയാന്റെ രാജി ആവശ്യപ്പെടുന്നതിനിടെയാണ് മന്ത്രിക്ക് പാർട്ടി പിന്തുണ നൽകിയിരിക്കുന്നത്. തന്റെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്‌താവിച്ചതെന്ന സജി ചെറിയാന്റെ നിലപാടിനൊപ്പമാണ് പാർട്ടി എന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
പരാതിയിൽ പറയുന്ന ആൾ മന്ത്രിയായത് കൊണ്ട് വിശ്വസ്‌തനായ ആൾ അന്വേഷിക്കണമെന്ന് കോടതി തന്നെ പറയുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെ എന്നാണ് കോടതി പറഞ്ഞത്. കേരളത്തിലെ പോലീസ് സംവിധാനത്തിലുള്ള വിശ്വാസമാണ് കോടതി പ്രകടിപ്പിച്ചത്. തന്റെ ഭാഗം കേൾക്കണമെന്ന് സജി ചെറിയാന്റെ വാദം അദ്ദേഹത്തിന്റെ അവകാശത്തിന്റെ ഭാഗമാണെന്നും പി രാജീവ് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പറഞ്ഞു.
മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസിൽ സംസ്‌ഥാന ക്രൈം ബ്രാഞ്ച് തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. തുടരന്വേഷണം ആവശ്യമില്ലെന്ന തിരുവല്ല ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിലെ ഭാഗം. ഈ പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.
നിരവധി സാക്ഷികളെ വിസ്‌തരിച്ചതില്‍ നിന്ന് ഭരണഘടനയെ അവഹേളിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നേരത്തെ വാദിച്ചത്. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി