തിരുവനന്തപുരം: നടൻ ജി കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. സ്ഥാപനത്തിലെ വനിതാ ജീവനക്കാർ 66 ലക്ഷം രൂപ തട്ടിയെടുത്തെടുത്തെന്നാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്.
സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികളെയും ഒരു ജീവനക്കാരിയുടെ ഭർത്താവിനെയും പ്രതിചേർത്താണ് കുറ്റപത്രം. ജീവനക്കാരികളായ വിനീത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധാകുമാരി എന്നിവർ ചേർന്നാണ് 66 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടതോടെ വിനീതയുടെ ഭർത്താവ് ആദർശിനെയും പ്രതിചേർക്കുകയായിരുന്നു.
വിശ്വാസ വഞ്ചന, മോഷണം, ചതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. രണ്ടുവർഷം കൊണ്ടാണ് പ്രതികൾ ഇത്രയും പണം തട്ടിയെടുത്തത്. ഈ പണം ഇവർ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്നാണ് കകുറ്റപത്രത്തിൽ പറയുന്നത്. സ്വർണവും വാഹനങ്ങളും വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ദിയയുടെ സ്ഥാപനത്തിലെ ക്യൂആർ കോഡിൽ മാറ്റം വരുത്തി പണം തട്ടിയെന്നാണ് കേസ്. ദിയയുടെ ക്യൂ ആർ കോഡിന് പകരം ജീവനക്കാരികളുടെ ക്യൂ ആർ കോഡ് നൽകിയാണ് പണം തട്ടിയത്. ഇതിൽ കേസെടുത്തതിന് പിന്നാലെ ജീവനക്കാർ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയിരുന്നു.
തുടർന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ദിയയും ജോലിക്കാരും രംഗത്തെത്തി. ഒടുവിൽ ജീവനക്കാർ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണ കുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചതാണ് കേസിൽ നിർണായകമായത്. ജീവനക്കാരുടെ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന ജീവനക്കാരികളുടെ പരാതിയിലെടുത്ത കേസിൽ അന്വേഷണം തുടരുകയാണ്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!







































