പാലക്കാട്: പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറിയിൽ ഇടപെട്ട് ആർഎസ്എസ് നേതൃത്വം. ആർഎസ്എസിന്റെ അനുനയ നീക്കത്തിനൊടുവിൽ ബിജെപിക്കൊപ്പം തന്നെ നിൽക്കുമെന്നും രാജിക്കില്ലെന്നും നഗരസഭാ ചെയർപേഴ്‌സൻ പ്രമീള ശശിധരൻ പറഞ്ഞു.
പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡണ്ടായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്‌ണദാസും പറഞ്ഞു. പ്രശാന്ത് ശിവനോട് വ്യക്‌തിപരമായി എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന നഗരസഭാ ഭരണം നഷ്‌ടപ്പെടുമെന്ന സ്‌ഥിതി വന്നതോടെയാണ് ആർഎസ്എസ് ഇടപെടലുണ്ടായത്.
ജില്ലാ അധ്യക്ഷ സ്‌ഥാനവുമായി ബന്ധപ്പെട്ട അതൃപ്‌തിയിൽ പാലക്കാട് ബിജെപിയിലുണ്ടായ പൊട്ടിത്തെറിയിൽ കൂടുതൽ കൗൺസിലർമാർ രാജിവെക്കാനുള്ള നീക്കമായിരുന്നു ഇന്ന് രാവിലെ വരെ നടന്നത്. വിമതയോഗത്തിൽ പങ്കെടുത്ത ഏഴ് മുതിർന്ന കൗൺസിലർമാർക്കൊപ്പം നാല് പേർ കൂടി രാജിവെക്കാൻ ഒരുങ്ങിയിരുന്നു.
ചെയർപേഴ്‌സനും വൈസ് ചെയർപേഴ്‌സനും ഉൾപ്പടെ 11 കൗൺസിലർമാർ രാജി സന്നദ്ധത അറിയിച്ച് നേതൃത്വത്തെ സമീപിക്കാനുള്ള നീക്കമാണ് നടന്നത്. പ്രശാന്ത് ശിവനെ അധ്യക്ഷനായി പ്രഖ്യാപിച്ചാൽ, ഉടൻ സംസ്‌ഥാന നേതൃത്വത്തിന് രാജിക്കത്ത് കൈമാറാനായിരുന്നു ശ്രമം. കൂട്ടരാജി ഉണ്ടായാൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് ഭരണം നഷ്‌ടപ്പെടുമായിരുന്നു.
കൗൺസിലർമാരുമായി സമവായവും വേണ്ടെന്ന നിലപാടാണ് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്വീകരിച്ചത്. ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് ജില്ലാ അധ്യക്ഷൻമാരെ നിശ്‌ചയിച്ചതെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. അതിനിടെ, കൗൺസിലർമാരെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ സന്ദീപ് വാര്യർ ചർച്ച നടത്തിയതായുള്ള വാർത്തയും പുറത്തുവന്നിരുന്നു.
Most Read| സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഇന്ന് ഏക സിവിൽ കോഡ് നിലവിൽ വരും