ന്യൂഡെൽഹി: മൈക്രോസോഫ്‌റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്‌സ്‌ട്രൈക്ക് തകരാറിലായതിനെ തുടർന്ന് രാജ്യവ്യാപകമായി 192 വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ കമ്പനി അറിയിച്ചു. കേരളത്തിൽ നിന്നുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളും കൊച്ചിയിൽ നിന്ന് ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളുമാണ് റദ്ദാക്കിയത്.
അതേസമയം, വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാർക്ക് കുടിവെള്ളം, ഭക്ഷണം, ഇരിപ്പിടങ്ങൾ എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനത്താവള അധികൃതർക്ക് നിർദ്ദേശം നൽകി. കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡുവാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
യാത്രക്കാർ ക്ഷമയോടെ കാത്തിരിക്കണമെന്നും ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചതായും വ്യോമയാനമന്ത്രി എക്‌സിൽ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു. ലോകവ്യാപകമായി സംഭവിച്ച മൈക്രോസോഫ്റ്റ് തകരാറിന്റെ കാരണം കണ്ടെത്തിയതായും വിഷയത്തിൽ അധികൃതരുമായി ആശയവിനിമയം നടത്തുകയാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. തകരാർ കണ്ടെത്തി പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read| കടുത്ത നടപടിക്ക് യുപിഎസ്‌സി; പൂജ ഖേദ്‌കറിന്റെ ഐഎഎസ് റദ്ദാക്കും