എറണാകുളം: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് പിടിച്ചെടുത്ത ആഡംബര കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം. കാറുകൾ ഉടമകൾക്ക് വിട്ടുകൊടുക്കാൻ കസ്‌റ്റംസ് തീരുമാനിച്ചു. സേഫ് കസ്‌റ്റഡിയിൽ സൂക്ഷിക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകും.
നിയമനടപടികൾ അവസാനിക്കുംവരെ വാഹനം ഉപയോഗിക്കാൻ അനുവാദമില്ല. ഉടമകളെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. നിയമ വിരുദ്ധമായല്ല വാഹനം എത്തിച്ചതെന്ന് തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യതയാണ്. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും. അതേസമയം, ഭൂട്ടാൻ കള്ളക്കടത്ത് മറ്റു കേന്ദ്ര ഏജൻസികളും അന്വേഷിക്കും.
വ്യാപക കള്ളപ്പണ ഇടപാട് കണ്ടെത്തിയ സാഹചര്യത്തിലാണിത്. കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും നികുതി വെട്ടിപ്പ് സംബന്ധിച്ച് ജിഎസ്‌ടി വിഭാഗവും അന്വേഷിക്കും. എംബസികളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും അറിയിക്കും. വ്യാജ രേഖ ഉണ്ടാക്കിയത് സംസ്‌ഥാന പോലീസും അന്വേഷിക്കും.
വാഹനങ്ങളുടെ രജിസ്‌ട്രേഷൻ അടക്കമുള്ളവ റദ്ദാക്കാൻ അതാത് സംസ്‌ഥാനങ്ങളോട് ആവശ്യപ്പെടും. ഭൂട്ടാൻ വഴിയുള്ള കല്ലക്കകടത്തിലെ സാമ്പത്തിക ഇടപാടുകളും രേഖകളും മിക്കതും നിയമവിരുദ്ധമാണ് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തുടനീളം 36 വാഹനങ്ങൾ പിടിച്ചെടുത്തതായി കസ്‌റ്റംസ് ഇന്നലെ വ്യക്‌തമാക്കിയിരുന്നു.
മൂന്ന് സിനിമാ നടൻമാരുടേത് ഉൾപ്പടെ 35 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് കസ്‌റ്റംസ് കമ്മീഷണർ ടി. ടിജു അറിയിച്ചു. ഭൂട്ടാനിൽ നിന്ന് വണ്ടി കൊണ്ടുവന്ന ശേഷം കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഇന്ത്യൻ ആർമി, ഇന്ത്യൻ എംബസികൾ, വിദേശകാര്യ മന്ത്രാലയങ്ങൾ, അമേരിക്കൻ എംബസികൾ തുടങ്ങിയവയുടെ സീലുകളും മറ്റും ഇതിനായി കൃത്രിമമായി നിർമിച്ചു. പരിവാഹൻ വെബ്‌സൈറ്റിലും കൃത്രിമം നടത്തിയെന്നും കസ്‌റ്റംസ് അറിയിച്ചു.
Most Read| പലസ്‌തീന് രാഷ്‌ട്രപദവി നൽകുന്നത് ഭീകരതയ്‌ക്കുള്ള സമ്മാനം; ട്രംപ്