കൊച്ചി: കേരള തീരത്തേക്ക് അപകടകരമായ വസ്‌തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾ ഒഴുകി വരുന്നതായി റിപ്പോർട്. ഇത്തരത്തിൽ സംശയാസ്‌പദമായ നിലയിലുള്ള കണ്ടെയ്‌നറുകൾ തീരത്ത് കണ്ടാൽ അടുത്തേക്ക് പോവുകയോ ഇതിൽ സ്‌പർശിക്കുകയോ ചെയ്യരുതെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ കപ്പൽ അപകടം നടന്നതായാണ് റിപ്പോർട്. കപ്പൽ ചരിഞ്ഞതായും കപ്പലിൽ നിന്നും കുറച്ച് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണതുമായാണ് വിവരം. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നീ അപകടകരമായ വസ്‌തുക്കൾ ചോർന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
തീരത്തേക്ക് കണ്ടെയ്‌നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന് കോസ്‌റ്റ് ഗാർഡും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അപകടകരമായ ഗുഡ്‌സ്, എണ്ണ എന്നിവയാണ് കണ്ടെയ്‌നറിനുള്ളിലെന്നാണ് വിവരം. സംശയാസ്‌പദമായ വസ്‌തുക്കൾ കേരള തീരത്ത് കണ്ടാൽ വിവരം പോലീസിലോ 112ലോ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!







































