തിരുവനന്തപുരം: കാരക്കോണത്തെ 51കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. മരിച്ച ശാഖയെ ഭർത്താവ് അരുൺ (26) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ വൈദ്യുത അലങ്കാരത്തിൽ നിന്ന് ശാഖക്ക് ഷോക്കേറ്റെന്നായിരുന്നു അരുൺ പോലീസിനോട് പറഞ്ഞത്. എന്നാൽ അയൽക്കാരും മറ്റും സംഭവത്തിൽ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് അരുണിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തതിന് ശേഷമാണ് മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
അതിനിടെ ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകൾ കണ്ടതായി അയൽവാസികൾ പറഞ്ഞു. മൂക്ക് ചതഞ്ഞ നിലയിലായിരുന്നു. ശാഖ ഷോക്കേറ്റ് വീണെന്നാണ് അരുൺ പറഞ്ഞു. അയൽവാസികളാണ് ശാഖയെ ആശുപത്രിയിൽ കൊണ്ടുപോയത്.
സമ്പന്നയായ ശാഖയും 26കാരനായ അരുണും പ്രണയത്തിന് ഒടുവിൽ വിവാഹിതർ ആയെന്നാണ് സമീപവാസികൾ നൽകുന്ന വിവരം. രണ്ട് മാസങ്ങൾക്ക് മുൻപ് മതാചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വിവാഹത്തിന് പിന്നാലെ ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് ശാഖയുടെ വീട്ടിലെ ഹോംനഴ്സ് വെളിപ്പെടുത്തി.
കിടപ്പുരോഗിയായ ശാഖയുടെ അമ്മയും ശാഖയും അരുണും മാത്രമാണ് വീട്ടിലുളളത്. രണ്ട് മാസങ്ങൾക്ക് മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ രണ്ടുമാസത്തിനിടയിൽ ഇരുവരും പലതവണ വഴക്കിട്ടതായി ഹോംനഴ്സ് രേഷ്മ പറഞ്ഞു. വിവാഹ ഫോട്ടോ പുറത്തായതാണ് വഴക്കുകൾക്ക് കാരണമെന്നാണ് സൂചനകൾ. ഇതുവരെ വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതും അരുണിനെ പ്രകോപിതനാക്കി. നേരത്തെ വൈദ്യുത മീറ്ററിൽ നിന്നും കണക്ഷനെടുത്ത് അരുൺ ശാഖയെ ഷോക്കേൽപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും രേഷ്മ വെളിപ്പെടുത്തി. കഴിഞ്ഞ 3 മാസമായി ശാഖയുടെ വീട്ടിലെ ഹോം നഴ്സാണ് രേഷ്മ.
Read also: മോഷ്ടാവെന്ന് ആരോപണം; മലയാളി യുവാവിനെ തമിഴ്നാട്ടിൽ അടിച്ചുകൊന്നു








































