മലപ്പുറം: കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് നജ്‌ബുദ്ദീന് (ബാബു) വധശിക്ഷ വിധിച്ചത്. അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്‌ജി എവി ടെല്ലസാണ് ശിക്ഷ വിധിച്ചത്.
2017 ജൂലൈ 23നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. റഹീനയെ അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽ എത്തിച്ച് നജ്‌ബുദ്ദീൻ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജങ്ഷനിൽ ഇറച്ചിക്കടയും നടത്തുന്നയാളാണ് പ്രതി നജ്‌ബുദ്ദീൻ. ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്‌ട്രേറ്റ് കോടതിയിലും ഇരുവർക്കുമെതിരെ കേസുകളുണ്ടായിരുന്നു.
രമ്യതയിലായതിനെ തുടർന്ന് റഹീനയെ നജ്‌ബുദ്ദീൻ വീണ്ടും പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് നജ്‌ബുദ്ദീൻ കാളികാവിൽ നിന്ന് മറ്റൊരു വിവാഹം കഴിച്ചു. രണ്ടാം ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. കുടുംബ പ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.
കൊലപാതകം നടന്ന ദിവസം അറവിന് സഹായിക്കാൻ റഹീനയെ നജ്‌ബുദ്ദീൻ കൂടെകൂട്ടുകയായിരുന്നു. പുലർച്ചെ രണ്ടുമണിക്കാണ് ഇരുവരും അറവുശാലയിലേക്ക് പോയത്. തുടർന്നായിരുന്നു കൊലപാതകം. കൃത്യത്തിന് പിന്നാലെ മുങ്ങിയ പ്രതി തൃശൂർ, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് കൈയിലുള്ള പണം തീർന്നപ്പോൾ പണമെടുക്കാനായി വീട്ടിലേക്ക് വരുമ്പോഴാണ് പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷൻ പരിസരത്തുവെച്ച് പോലീസ് പിടിയിലായത്.
നജ്‌ബുദ്ദീന് റഹീനയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്‌ത്രീയ തെളിവുകളുമാണ് നിർണായകമായത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.കെപി ഷാജു ഹാജരായി. താനൂർ സർക്കിൾ ഇൻസ്‌പെക്‌ടർ ആയിരുന്ന സി അലവിയാണ് കേസ് അന്വേഷണം നടത്തിയത്.
Most Read| നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്‌ഥാനാർഥി