കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ നടപടിയുമായി പോലീസ്. ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാനാണ് പോലീസ് തീരുമാനം. സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
ദീപക്കും യുവതിയും ബസിൽ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുക. ബസ് ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. യുവതി ഇൻസ്‌റ്റാഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത ദൃശ്യത്തിന്റെ മുഴുവൻ ഭാഗങ്ങളും വീണ്ടെടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ശ്രമം.
അതേസമയം, യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇന്നലെ കേസെടുത്തതിന് പിന്നാലെ യുവതി കടന്നുകളഞ്ഞതായാണ് വിവരം. നേരത്തെ ദുബായിലായിരുന്നു യുവതി. അറസ്‌റ്റ് ഭയന്നാണ് ഇവരുടെ നീക്കമെന്നാണ് സൂചന. കേസിൽ കൂടുതൽപ്പേരുടെ മൊഴി രേഖപ്പെടുത്താനാണ് പോലീസ് നീക്കം. ഇന്നലെ യുവതിയുടെ മൊബൈൽ ഫോൺ കസ്‌റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
ഇന്നലെ യുവതിയുടെയും ദീപക്കിന്റെ കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. യുവതി നൽകിയ മൊഴിയിൽ ബസിൽ വെച്ച് ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നാണ് പോലീസ് നിഗമനം. യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ആത്‍മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയത്. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.
ദീപക്കിന്റെ കുടുംബം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഇന്നലെ പരാതി നൽകിയിരുന്നു. അപമാനകരമായ രീതിയിൽ വീഡിയോ സാമൂഹിക മാദ്ധ്യമത്തിൽ പ്രചരിപ്പിച്ച യുവതിക്കെതിരെ നിയമനടപടി തേടിയാണ് ദീപക്കിന്റെ മാതാവിന്റെ പേരിൽ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.
Most Read| കേരളത്തിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ





































