ന്യൂഡെൽഹി: എഎപി സർക്കാരിനെ മദ്യനയത്തിൽ മുക്കി സിഎജി റിപ്പോർട്. എഎപി (ആംആദ്‌മി പാർട്ടി) സർക്കാർ നടപ്പിലാക്കിയ മദ്യനയം കാരണം ഡെൽഹിയിൽ 2002 കോടിയുടെ വരുമാന നഷ്‌ടം ഉണ്ടായെന്നാണ് സിഎജി റിപ്പോർട്. മുഖ്യമന്ത്രി രേഖാ ഗുപ്‌തയാണ് ഇത് സംബന്ധിച്ച റിപ്പോർട് നിയമസഭയിൽ സമർപ്പിച്ചത്.
2021 നവംബറിൽ നടപ്പാക്കിയ മദ്യനയം 2022ൽ റദ്ദാക്കിയിരുന്നു. എഎപി സർക്കാർ പൂഴ്‌ത്തിവെച്ചിരുന്ന 14 സിഎജി റിപ്പോർട്ടുകൾ ഈ സമ്മേളനത്തിൽ നിയമസഭയിൽ സമർപ്പിക്കുമെന്നും ബിജെപി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2017-18 മുതൽ 2020-22 വരെയുള്ള എഎപി സർക്കാരിന്റെ കാലത്തെ മദ്യനയ വിവരങ്ങളാണ് ‘ഡെൽഹിയിലെ മദ്യവിതരണം, നിയന്ത്രണം എന്നിവയിൻമേലുള്ള പെർഫോമൻസ് ഓഡിറ്റ്’ എന്ന തലക്കെട്ടോടെയുള്ള സിഎജി റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.
സറണ്ടർ ചെയ്യപ്പെട്ട ലൈസൻസുകൾ വീണ്ടും ടെണ്ടർ ചെയ്‌ത് നൽകാത്തത് കാരണം 890 കോടി രൂപ നഷ്‌ടവും സോണൽ ലൈസൻസികൾക്ക് അനുവദിച്ച ഇളവുകളിൽ നടപടികൾ എടുക്കാത്തത് കാരണം 941 കോടി നഷ്‌ടവും സംഭവിച്ചെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി 2021 ഡിസംബർ 28 മുതൽ 2022 ജനുവരി 27 വരെ ലൈസൻസികൾക്ക് 144 കോടിയുടെ ഇളവ് അനുവദിച്ചതായും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. എക്‌സൈസ് വിഭാഗത്തിന്റെ നിലപാടുകൾക്ക് വിരുദ്ധമായാണ് ഈ ഇളവെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ