ന്യൂഡെൽഹി: ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തു. കുടുബാംഗങ്ങളെ നേരത്തെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു. ബന്ധുക്കളിൽ ചിലർ പോലീസ് കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെയാണ് വീട് തകർത്തത്.
ജയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനയുടെ ഭാഗമാണ് ഉമർ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഉമർ നബിയാണെന്ന് കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുമായി ഒത്തുനോക്കി സ്ഥിരീകരിച്ചിരുന്നു.
അതേസമയം, സ്ഫോടനത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചു. എൽഎൻജെപി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന ബിലാൽ (35) ആണ് മരിച്ചത്. ഇതോടെ ചെങ്കോട്ട സ്ഫോടനത്തിൽ മരണം 13 ആയി. ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ട സംഘം നാല് നഗരങ്ങളിൽ കൂടി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്ന് അന്വേഷണ സംഘം അറിയിച്ചു.
പ്രതികൾ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ളിക്കേഷൻ വഴിയാണെന്നും എൻക്രിപ്റ്റ് ചെയ്ത സ്വിസ് ആപ്ളിക്കേഷനായ ‘ത്രീമയാണ്’ ഉപയോഗിച്ചതെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്.
സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാക്കിസ്ഥാനിലേക്കെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഉൽഭവം തുർക്കിയിൽ നിന്നാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ‘ഉകാസ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭീകരനാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്.
അൽ ഫലാഹ് യൂണിവേഴ്സിറ്റി ഡോ. ഉമർ നയിച്ച ഡെൽഹി മോഡ്യൂളിലെ ഭീകരർക്കും ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് ന്നിവർക്കിടയിലെ കണ്ണിയായി പ്രവർത്തിച്ചത്. 2022ൽ തുർക്കിയിൽ വെച്ച് ഗൂഢാലോചന നടന്നെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ ബന്ധമുള്ളവർക്കൊപ്പം രണ്ട് ഗ്രൂപ്പുകളായി ഉമറും മറ്റു മൂന്നുപേരും തുർക്കിയിലേക്ക് പോയിരുന്നു.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും







































