‘ആരോപണങ്ങൾ അടിസ്‌ഥാനരഹിതം, ഗൂഢാലോചന; മുറിയിൽ പണം സൂക്ഷിച്ചിട്ടില്ല’

അതേസമയം, ജസ്‌റ്റിസ്‌ വർമയെ ജുഡീഷ്യൽ ജോലികളിൽ നിന്ന് മാറ്റിനിർത്താൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന നിർദ്ദേശിച്ചു. ആരോപണത്തിൽ കഴമ്പുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

By Senior Reporter, Malabar News
Justice Yashwant Varma
Ajwa Travels

ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തുവെന്ന വാർത്ത നിഷേധിച്ച് ഡെൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമ. സ്‌റ്റോർ റൂമിൽ താനോ കുടുംബമോ പണം സൂക്ഷിച്ചിട്ടില്ലെന്നും ആ മുറി തന്റെ പ്രധാന വസതിയിൽ നിന്ന് വേറിട്ടാണ് നിൽക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഡെൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ ഡികെ ഉപാധ്യായയ്‌ക്ക് നൽകിയ വിശദീകരണത്തിലാണ് യശ്വന്ത് വർമ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

”ഉപയോഗിക്കാത്ത ഫർണിച്ചറുകൾ, കുപ്പികൾ, പാത്രങ്ങൾ അടക്കം പഴയ സാധനങ്ങൾ സൂക്ഷിക്കാൻ ഈ മുറി പൊതുവരെ എല്ലാവരും ഉപയോഗിച്ചിരുന്നു. സ്‌റ്റാഫ്‌ ക്വാർട്ടേഴ്‌സിന്റെ മുൻവാതിലിലൂടെയും പിൻവാതിലിലൂടെയും ഈ മുറിയിലേക്ക് പ്രവേശിക്കാം. പ്രധാന വസതിയുമായി റൂമിന് ബന്ധമില്ല. തീപിടിത്തം ഉണ്ടായ ദിവസം ഞാനും ഭാര്യയും മധ്യപ്രദേശിലായിരുന്നു. മകളും വയോധികയായ അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

അർധരാത്രിയോടെ തീപിടിത്തമുണ്ടായപ്പോൾ മകളും എന്റെ പ്രൈവറ്റ് സെക്രട്ടറിയും അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. ഞാനോ കുടുംബാംഗങ്ങളോ സ്‌റ്റോർ റൂമിൽ ഒരിക്കലും പണം സൂക്ഷിച്ചിട്ടില്ല. തികച്ചും അസംബന്ധവും അടിസ്‌ഥാനരഹിതവും അവിശ്വസനീയമായതുമായ കാര്യമാണിത്. ഇതിൽ ഗൂഢാലോചന സംശയിക്കുന്നു.

എന്റെ വീട്ടിലെ ആരും ആ മുറിയിൽ കതിക്കരിഞ്ഞ രൂപത്തിൽ ഒരു കറൻസിയും കണ്ടിട്ടില്ല. ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്‌തനാക്കണം. ഒരു ജഡ്‌ജിയുടെ ജീവിതത്തിൽ പ്രശസ്‌തിയും സ്വഭാവവും പോലെ മറ്റൊന്നിനും പ്രാധാന്യമില്ല. അത് ഗുരുതരമായി കളങ്കപ്പെടുത്തുകയും പരിഹരിക്കാനാകാത്ത വിധം കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന ആരോപണമാണിത്”- യശ്വന്ത് വർമ പറഞ്ഞു.

സംഭവം പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ ജിഎസ് സന്ധാവാലിയ, മലയാളിയും കർണാടക ഹൈക്കോടതി ജഡ്‌ജിയുമായ അനു ശിവരാമൻ എന്നിവരിടെ സമിതി അന്വേഷിക്കും. അതേസമയം, ജസ്‌റ്റിസ്‌ വർമയെ ജുഡീഷ്യൽ ജോലികളിൽ നിന്ന് മാറ്റിനിർത്താൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന നിർദ്ദേശിച്ചു.

ഡെൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ ഡികെ ഉപാധ്യായയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. റിപ്പോർട്ടും അനുബന്ധ രേഖകളും സുപ്രീം കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരോപണത്തിൽ കഴമ്പുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 15 കോടിയോളം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയതെന്ന് സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ജഡ്‌ജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ കത്തിക്കരിഞ്ഞ നോട്ടുകളുടെ ചിത്രവും റിപ്പോർട്ടിലുണ്ട്. ആരോപണം നിഷേധിച്ചുകൊണ്ടുള്ള ജസ്‌റ്റിസ്‌ വർമയുടെ മറുപടിയും റിപ്പോർട്ടിലുണ്ട്. അതേസമയം, ജഡ്‌ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ഡെൽഹി അഗ്‌നിശമനസേനാ മേധാവി അതുൽ ഗാർഗ് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് നിലപാട് മാറ്റി.

ഡെൽഹി ഹൈക്കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്‌ജിയായ വർമയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയെന്ന വാർത്തകൾ വെള്ളിയാഴ്‌ചയാണ്‌ പുറത്തുവന്നത്. വീട്ടിൽ നിന്ന് പണം കണ്ടെത്തിയെന്ന് സ്‌ഥിരീകരിക്കപ്പെട്ടതോടെ ജസ്‌റ്റിസ്‌ യശ്വന്ത് വർമയ്‌ക്ക് മേൽ കുരുക്ക് മുറുകുകയാണ്. മാർച്ച് 14നാണ് ജഡ്‌ജിയുടെ വീട്ടിൽ തീപിടിച്ചത്.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE