ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവ് ഡെൽഹി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് പുറത്തിറങ്ങാനിരിക്കേയാണ് കെജ്രിവാളിന് കനത്ത തിരിച്ചടി നൽകി കോടതി ഉത്തരവ് വന്നത്.
ജാമ്യം നൽകിയതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. വാദങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഇഡിയുടെ ഹരജിയിൽ ഹൈക്കോടതി അടിയന്തിരമായി വാദം കേൾക്കും. ഹരജി പരിഗണിക്കുന്നത് വരെയാണ് ജാമ്യ ഉത്തരവ് സ്റ്റേ ചെയ്തത്.
ഈ ഹരജി തീർപ്പാക്കുന്നത് വരെ കെജ്രിവാളിന് ജയിൽ മോചിതനാകാൻ സാധിക്കില്ലെന്നാണ് സൂചന. കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്നലെ വാദം കേട്ടിരുന്നു. ഡെൽഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ഇന്നലെ രാത്രി ഏഴരയോടെ വാദം പൂർത്തിയാക്കി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യത്തുകയായ ഒരുലക്ഷം രൂപ കെട്ടി വെക്കണമെന്ന് കോടതി ഉത്തരവിറക്കി.
ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം കോടതി ഇന്നലെ തള്ളിയിരുന്നു. നിയമപരമായ വഴികൾ കൂടി പരിശോധിക്കാൻ സമയം നൽകണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ജയിലിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച ഉച്ചയ്ക്ക് കെജ്രിവാൾ ജയിൽ മോചിതനാകുമെന്നാണ് എഎപി നേതാക്കൾ അറിയിച്ചത്.
അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും പ്രവർത്തകർ നടത്തിയിരുന്നു. പിന്നാലെയാണ് വിധി. കെജ്രിവാൾ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ അപ്പീൽ കോടതിയെ സമീപിക്കാനാണ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇഡി ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗോവയിൽ കെജ്രിവാൾ തങ്ങിയ ആഡംബര ഹോട്ടലിന്റെ ബില്ലടച്ചത് അഴിമതിപ്പണം ഉപയോഗിച്ചാണെന്നതടക്കം നേരത്തെ ഉന്നയിച്ചിരുന്ന വാദങ്ങളാണ് ജാമ്യത്തെ എതിർത്തും ഇഡി അവതരിപ്പിച്ചത്.
എന്നാൽ, ഇഡി ഊഹാപോഹങ്ങൾ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ വാദിച്ചു. വിജയ് നായർക്ക് നിർദ്ദേശങ്ങൾ നൽകിയതിന് തെളിവില്ല. ജാമ്യം നിബന്ധനകൾക്ക് വിധേയമായ തടവ് തന്നെയാണെന്നും, മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ജാമ്യം നൽകണമെന്നും കെജ്രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്നാണ് ഇ ഡി ഹൈക്കോടതിയെ സമീപിച്ചു.
Most Read| ചരിത്രപരമായ തീരുമാനം; സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ