ന്യൂഡെൽഹി: ഡെൽഹി സ്ഫോടനം നടത്തുന്നതിന് മുൻപ് പ്രതികൾ ചെങ്കോട്ടയുടെ പരിസരത്ത് എത്തിയിരുന്നെന്ന് റിപ്പോർട്. സ്ഫോടക വസ്തുക്കളുമായി ഫരീദാബാദിൽ നിന്ന് പിടിയിലായ മുസമ്മിൽ ഷക്കീലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചത്. താനും ഉമറും നേരത്തെ ചെങ്കോട്ടയിൽ എത്തിയെന്നാണ് മുസമ്മിലിന്റെ മൊഴി.
ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ അയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയതായും അന്വേഷണ സംഘം അറിയിച്ചു. കൂടാതെ, പ്രതികൾ മറ്റിടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധയിട്ടിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. 2026 ജനുവരി 26ന് ഒരു സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നെന്നാണ് മുസമ്മിൽ വ്യക്തമാക്കിയത്.
കൂടാതെ, ദീപാവലി ദിവസം സ്ഫോടനം നടത്താൻ തീരുമാനിച്ചെന്നും അത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും മുസമ്മിൽ അന്വേഷണ സംഘത്തെ അറിയിച്ചു. എന്നാൽ എവിടെയാണ് സ്ഫോടനം നടത്താനായി തിരഞ്ഞെടുത്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല. അതിനിടെ, ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ പത്തംഗ സംഘത്തെ രൂപീകരിച്ചു.
എൻഐഎ അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാഖ്റെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. തിങ്കളാഴ്ച വൈകീട്ട് 6.52നായിരുന്നു ഡെൽഹിയെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡെൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിലും ജുമാ മസ്ജിദിനും സമീപമാണ് സ്ഫോടനമുണ്ടായത്.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും








































