തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിന്റെ വിവരങ്ങൾ ലഭ്യമായി. ഇതിനെ തുടർന്ന് ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെ എം. ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വപ്‍നയുടെ മൊബൈൽ ഫോണിൽ നിന്നും നശിപ്പിച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തപ്പോൾ നിർണായക തെളിവുകൾ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ശിവശങ്കർ അടക്കമുള്ളവരുടെ മൊഴി വീണ്ടും എടുക്കുന്നത്.
Also Read: മതഗ്രന്ഥവും ഈന്തപ്പഴവും കൈപ്പറ്റി; കസ്‌റ്റംസ് കേസെടുത്തു
യുഎഇ കോൺസുലേറ്റിലെ മലയാളിയായ മുൻ ഉദ്യോഗസ്ഥക്കെതിരെ ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇവർ കഴിഞ്ഞ വർഷം സ്ഥാപനത്തിൽ നിന്നും രാജിവെക്കുകയായിരുന്നു. ഇതിന് പിന്നാലെ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ആയ ഈജിപ്ഷ്യൻ പൗരനായ ഖാലിദിനെ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പുറത്താക്കിയിരുന്നു. സ്വപ്‍നയും സംഘവും നടത്തിയ പ്രവർത്തികൾ ഇവർക്ക് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരങ്ങൾ.