കാസര്‍ഗോഡ് : സംസ്ഥാനത്തെ വാഹനപരിശോധന പൂര്‍ണമായും ഡിജിറ്റലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി 3 ഇപോസ് യന്ത്രങ്ങള്‍ കാസര്‍ഗോഡ് മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യകളുപയോഗിച്ച് ഡിജിറ്റല്‍ സംവിധാനം വഴി വാഹനങ്ങള്‍ പരിശോധിക്കും. നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോ യന്ത്രത്തിലൂടെ കടക്കുമ്പോള്‍ ‘വാഹന്‍’ സോഫ്റ്റ്വെയറില് ഉടമയുടെ പേര്, വിലാസം എന്നീ വിവരങ്ങള്‍ ലഭ്യമാകും.ഡ്രൈവറുടെ ലൈസന്‍സ് നമ്പര്‍ ‘വാഹന്‍ സാരഥി’ സോഫ്റ്റ്വെയറില് നല്കിയാല്, ഡ്രൈവറുടെ ഫോട്ടോ, പേര്, വിലാസം, ലൈസന്‍സ് സംബന്ധമായ മറ്റു വിവരങ്ങള്‍ എന്നിവ കാണാനാകും. വാഹനങ്ങളുടെ കുറ്റകൃത്യങ്ങള്‍ ഫോട്ടോയോ വീഡിയോയോ എടുത്ത് സൂക്ഷിക്കാനുള്ള അവസരവുമുണ്ട്. സൂക്ഷിച്ചുവെച്ചിരിക്കുന്ന ഇത്തരം ഫോട്ടോയിലോ വീഡിയോയിലോ ക്ലിക്ക് ചെയ്താല്‍, കുറ്റകൃത്യത്തിനുള്ള പിഴസംഖ്യയും മനസിലാക്കാന്‍ കഴിയും. വാഹനമോ, രേഖയോ കസ്റ്റഡിയില്‍ എടുക്കണമെങ്കില്‍ അതും സാധ്യമാണ്.
നിയമലംഘനം നടത്തിയവര്‍ക്ക് പിഴയോടെ, പിഴയില്ലാതെ, കോടതിവഴി എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ ലഭ്യമാണ്. ഇതില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. പണമായോ നെറ്റ്ബാങ്കിങ്ങിലൂടെ ഓണ്‍ലൈനായോ പിഴയടക്കാം. പിഴയില്ലാത്ത കേസുകള്‍ ആണെങ്കില്‍ അര്.ടി.ഒ യ്ക്ക് മുന്നില്‍ ഹാജരായ ശേഷം അന്വേഷണം നടത്തി, ഉചിതമായ പിഴ ഓണ്‍ലൈനായ് അടക്കാവുന്നതാണ്. 60 ദിവസത്തിനുള്ളില്‍ നിശ്ചിത പിഴ അടച്ചിട്ടില്ലെങ്കില്‍ കോടതിയിലേക്ക് കേസ് കൈമാറ്റം ചെയ്യും. കേസ് ചാര്‍ജ് ചെയ്യുന്ന സമയത്ത് തന്നെ കോടതിയിലേക്ക് മാറ്റാനുള്ള സൗകര്യവുമുണ്ട്. എറണാകുളത്തെ വിര്‍ച്വല്‍ കോടതിയിലാണ് കേസുകള്‍ പരിഗണിക്കുക.കോടതി പ്രതികളുടെ ഫോണിലേക്ക് ഇ-സമന്‍സ് അയക്കും. തീര്‍പ്പാക്കപ്പെടാത്ത കേസുകള്‍ അതാത് ജില്ലകളിലെ കോടതികളിലേക്ക് മാറ്റും.
കൃത്യമായ രേഖകള്‍ ലഭ്യമായ കേസുകളില്‍, echallan.parivahan.gov.in എന്ന വെബ്സൈറ്റില്‍ കയറിയാല്‍ പിഴ അടക്കാന്‍ സാധിക്കും.ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെടേണ്ട കേസുകള്‍ അങ്ങനെ തന്നെ രേഖപ്പെടുത്തണം.കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സൗകര്യപ്രദമായ വാഹന പരിശോധനരീതിയാവും ഇത്.





































