തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ ഡിജിപിക്ക് നൽകിയത് സംഭവത്തെ ലളിതവത്‌കരിക്കുന്ന റിപ്പോർട്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ചെയ്‌തിട്ടുള്ളൂവെന്നാണ് തൃശൂർ ഡിഐജി ഹരിശങ്കർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് തൃശൂർ ഡിഐജി റിപ്പോർട് നൽകിയിരിക്കുന്നത്. പരാതി ഉയർന്ന അന്ന് തന്നെ നടപടിയെടുത്തുവെന്നും ആരോപണ വിധേയരായ നാല് ഉദ്യോഗസ്‌ഥരുടെ ഇൻക്രിമെന്റ് കട്ട് ചെയ്‌തെന്നും റിപ്പോർട്ടിൽ പറയുന്നു. കുറ്റാരോപിതരെ സ്‌ഥലം മാറ്റിയെന്നും ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
കുന്നംകുളം കോടതി നേരിട്ട് അന്വേഷിക്കുന്ന കേസിലാണ് സംഭവത്തെ നിസാരവത്കരിച്ച് തൃശൂർ ഡിഐജി റിപ്പോർട് നൽകിയിരിക്കുന്നത്. കോടതി ഉത്തരവ് വന്ന ശേഷം തുടർ നടപടി ആകാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിൽ കൂടുതൽ നടപടിക്ക് ഡിഐജി ശുപാർശ ചെയ്‌തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അതേസമയം, പോലീസ് സേനയിൽ 62,000 പേർ ജോലി ചെയ്യുന്നുണ്ടെന്നും അതിനാൽ ഈ സംഭവം പൊതുവത്കരിക്കരുതെന്നുമാണ് ഹരിശങ്കർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്.
പോലീസിന്റെ അതിക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ രണ്ടര വർഷത്തിന് ശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് പുറത്തുവന്നത്. 2023 ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. കുന്നകുളം പോലീസ് സ്‌റ്റേഷനിലാണ് സംഭവം. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡണ്ട് വിഎസ് സുജിത്തിനാണ് മർദ്ദനമേറ്റത്.
സംഭവത്തിൽ എസ്‌ഐ ഉൾപ്പടെ നാല് പോലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചൊവ്വന്നൂർ വഴിയരികിൽ നിന്നിരുന്ന തന്റെ സുഹൃത്തുക്കളെ കാരണമായി പോലീസുകാർ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂര മർദ്ദനത്തിനിടയാക്കിയത്. സ്‌റ്റേഷനിൽ വെച്ച് എസ്‌ഐ നുഹ്‌മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് സുജിത്തിനെ ദേഹോപദ്രവം ഏൽപ്പിച്ചത്.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി