തിരുവനന്തപുരം: നടൻ ജി കൃഷ്‌ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‌ണയുടെ സ്‌ഥാപനത്തിൽ നിന്ന് പണം തട്ടിയതായി കണ്ടെത്തൽ. സ്‌ഥാപനത്തിലെ വനിതാ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്. ക്യൂആർ കോഡ് വഴി 66 ലക്ഷം രൂപ ഇവരുടെ അക്കൗണ്ടുകളിലേക്ക് എത്തിയതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
മൂന്ന് ജീവനക്കാരുടെയും ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചതിൽ നിന്നാണ് ഈ കണക്ക് പോലീസിന് ലഭിച്ചത്. അതേസമയം, മൂവരും ഒളിവിലാണെന്നാണ് സൂചന. തട്ടിപ്പുമായി ബന്ധപ്പെട്ട് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാനായി തിങ്കളാഴ്‌ച രാത്രി പോലീസ് ഇവരുടെ വീടുകളിൽ എത്തിയെങ്കിലും ഇവർ സ്‌ഥലത്തില്ലായിരുന്നു. തുടർന്ന് ഇന്നലെ ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും എത്തിയില്ല.
മൂവരും സ്‌ഥലത്തില്ലെന്നാണ് വിവരമെന്ന് മ്യൂസിയം എസ്‌ഐ വിപിൻ പറഞ്ഞു. 66 ലക്ഷം രൂപ അക്കൗണ്ടിൽ വന്നിട്ടുണ്ടെങ്കിലും ഇവരിത് എന്തിനുവേണ്ടി ചിലവാക്കി എന്നതിൽ വ്യക്‌തതയില്ല. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം തങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പണം പിൻവലിച്ച് ദിയയ്‌ക്ക് നൽകിയെന്നുമാണ് ജീവനക്കാരുടെ മൊഴി.
എന്നാൽ, പലപ്പോഴും പണം പിൻവലിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരികൾ അവരുടെ ബന്ധുക്കൾക്കും അക്കൗണ്ടിലൂടെ പണം അയച്ചിട്ടുണ്ട്. അതേസമയം, ദിയ കൃഷ്‌ണയുടെ ഓഡിറ്ററോടും സ്‌റ്റേഷനിൽ എത്താൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സ്‌ഥാപനം നികുതി അടച്ചതിന്റെ ഉൾപ്പടെയുള്ള വിവരങ്ങളാണ് തേടുന്നത്. നികുതിയടച്ചതിന്റെ രേഖകൾ കോടതിൽ ഹാജരാക്കുമെന്ന് ദിയയും കൃഷ്‌ണകുമാറും നേരത്തെ വ്യക്‌തമാക്കിയിരുന്നു.
കേസെടുത്തതിന് പിന്നാലെ കൃഷ്‌ണകുമാറും ദിയയും മുൻകൂർ ജാമ്യത്തിനായി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്‌ച ഹരജി പരിഗണിക്കും. കൃഷ്‌ണകുമാറും മകളും ചേർന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്ന് ആരോപിച്ച് ജീവനക്കാരികളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇരുവർക്കുമെതിരെ മ്യൂസിയം പോലീസ് കേസെടുത്തത്. ക്യൂ ആർ കോഡിൽ കൃത്രിമം കാട്ടി പണം തട്ടിയെന്ന ആരോപണം ഉന്നയിച്ച് ദിയ കൃഷ്‌ണ നേരത്തെ സ്‌ഥാപനത്തിലെ മൂന്ന് ജീവനക്കാർക്കെതിരെ പരാതി നൽകിയിരുന്നു.
Most Read| പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്‌ട് ഉപയോഗിക്കും; താക്കീതുമായി ട്രംപ്