തൃശൂർ: സംസ്‌ഥാന പാതയോരത്തെ അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകരുതെന്ന് പൊതുമരാമത്ത് വകുപ്പ്. ചാവക്കാട്-വടക്കാഞ്ചേരി സംസ്‌ഥാന പാതയോരത്തെ അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകരുതെന്ന് പൊതുമരാമത്ത് കുന്നംകുളം റോഡ് സെക്ഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കടങ്ങോട് പഞ്ചായത്ത് സെക്രട്ടറിക്ക് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകി. വെള്ളറക്കാട് സ്വദേശി ടികെ മുഹമ്മദ് ബഷീർ നൽകിയ പരാതിയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി.
നവീകരണം നടന്ന പന്നിത്തടം-പാഴിയോട്ടുമുറി പാതയിൽ പല കെട്ടിടങ്ങളുടേയും മുന്നിലെ ഷീറ്റ് റോഡിലേക്ക് കയറ്റിയിട്ടതായി അസിസ്‌റ്റന്റ് എൻജിനീയറുടെ പരിശോധനയിൽ കണ്ടെത്തി. പന്നിത്തടം, വെള്ളറക്കാട് പഞ്ചായത്ത് പരിസരം, വെള്ളറക്കാട് പള്ളി പരിസരം എന്നിവിടങ്ങളിലാണ് കയ്യേറ്റം കണ്ടെത്തിയത്.
സംസ്‌ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി കയ്യേറ്റങ്ങൾ ഒഴിപ്പിച്ചായിരുന്നു നിർമ്മാണം നടന്നത്. എന്നാൽ, പാത നിർമ്മാണം പൂർത്തിയായ ഉടൻ പഴയ കെട്ടിടങ്ങളുടെ മുൻവശം മോടിപിടിപ്പിച്ചു. ഭൂരിഭാഗം കടയുടമകളും റോഡുവരെ ഷീറ്റിട്ട് അനധികൃത നിർമ്മാണവും നടത്തി.
കടകളിലേക്ക് എത്തുന്ന വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിനും ഇടയാക്കുന്നുണ്ട്. കൂടാതെ, ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പാതയോരത്ത് കടകളുടെ ബോർഡുകളും പരസ്യങ്ങളും വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
Malabar News: മറിപ്പുഴ ജലവൈദ്യുത പദ്ധതി; നഷ്‌ടപരിഹാരം നല്‍കിയില്ല, പ്രതിഷേധം ശക്‌തമാകുന്നു







































