വാഷിങ്ടൻ: ഇറാനുമായി ആണവകരാറിനെ കുറിച്ച് ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് ഇറാന് കത്തെഴുതിയതായും ട്രംപ് വ്യക്‌തമാക്കി. ഇറാന്റെ കാര്യത്തിൽ ഇത് നല്ല തീരുമാനം ആയിരിക്കുമെന്നും അതിനാൽ യുഎസുമായി ഇറാൻ ചർച്ച നടത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
വെള്ളിയാഴ്‌ച ഫോക്‌സ് ബിസിനസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ അഭിസംബോധന ചെയ്‌താണ് കത്ത് എഴുതിയതെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
അതേസമയം, വിഷയത്തെ കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015ൽ ഇറാനും അമേരിക്കയും ഉൾപ്പടെയുള്ള ആറ് രാജ്യങ്ങൾ തമ്മിൽ ആണവക്കരാറിൽ ഒപ്പിട്ടിരുന്നു. ബറാക് ഒബാമ പ്രസിഡണ്ടായിരുന്ന കാലഘട്ടത്തിലാണ് കരാർ നിലവിൽ വന്നത്. എന്നാൽ, പിന്നീട് അധികാരത്തിലെത്തിയ ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി കരാറിൽ നിന്ന് പിൻമാറുകയായിരുന്നു.
Most Read| വനിതാദിനം; പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ വനിതാ ഉദ്യോഗസ്‌ഥർ- ചരിത്രത്തിലാദ്യം