വാഷിങ്ടൻ: വിവിധ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഓഗസ്റ്റ് ഏഴുമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. 10% മുതൽ 41% വരെ അധിക തീരുവ ചുമത്താനാണ് നീക്കം. യൂറോപ്യൻ യൂണിയൻ അടക്കം 66 രാജ്യങ്ങളെ ഇത് ബാധിക്കും.
ഏറ്റവും ഉയർന്ന തീരുവ സിറിയയ്ക്കാണ്-41%. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% തീരുവയും അതിനുമേൽ പിഴയും ഏർപ്പെടുത്തി. തീരുവ ചുമത്താനുള്ള തീരുമാനത്തിനെതിരെ കാനഡ ഉൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തെത്തി. വ്യാപാര ചർച്ചകളിൽ അന്തിമ ധാരാണയാകാത്ത സാഹചര്യത്തിൽ ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
യുഎസ് വിലക്ക് ലംഘിച്ച് റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. കാര്യങ്ങൾ ശരിയായ ദിശയിലല്ല പോകുന്നതെന്നും അതിനാലാണ് നടപടിയെന്നും ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ-യുഎസ് ചർച്ച അഞ്ചുവട്ടം കഴിഞ്ഞിരുന്നു. അടുത്ത ചർച്ച ഓഗസ്റ്റ് മധ്യത്തിൽ നടത്താനും തീരുമാനിച്ചിരുന്നു. ഒക്ടോബറോടെ അന്തിമ കരാറിൽ എത്താനാകുമെന്ന പ്രതീക്ഷകൾക്കിടെ, കടുത്ത നടപടികളിലേക്ക് യുഎസ് പോകുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചില്ല. മാറിയ സാഹചര്യം വിലയിരുത്തിയ ശേഷം ചർച്ചകൾ തുടരാനാണ് ഇന്ത്യയുടെ തീരുമാനം.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്ജ് റെഡി